ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഗാന്ധിനഗർ: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നോ നാലോ അംഗങ്ങളുള്ള കമ്മിറ്റിയെ നിയമിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായി പ്രതികരിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വിയും ഇന്ന് ഉച്ചയ്ക്ക് 12:15 ന് പത്രസമ്മേളനം നടത്തും.
ജനുവരി 28 നായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ആരംഭിച്ചത്. ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, നിയമ മാന്വലും പുതിയ ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷകൾക്കായുള്ള സമർപ്പിത പോർട്ടലും ഉദ്ഘാടനം ചെയ്തു.
ജനുവരി 20ന് മന്ത്രിസഭ നിയമ മാനുവലിന് അംഗീകാരം നൽകിയിരുന്നു, അതേസമയം പുതിയ സംവിധാനത്തെക്കുറിച്ച് അവരെ പരിചയപ്പെടുത്തുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ജനുവരി 13ന് തന്നെ ആരംഭിച്ചിരുന്നു.
നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി സംസ്ഥാനത്ത് എല്ലാവര്‍ക്കും ഏകീകൃത നിയമമായിരിക്കും ബാധകമാകുക. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ എല്ലാം ഒരേ നിയമം ബാധകമാകും. എന്നാല്‍ പട്ടിക വിഭാഗക്കാരെ ഏകീകൃത സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവാഹം, ലിവ്-ഇന്‍ റിലേഷന്‍, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ നിയമങ്ങളില് ഇതോടെ മാറ്റമുണ്ടാകുകയാണ്. പൗരന്മാര്‍ക്കെല്ലാം ഒരേ നിയമമാകും ബാധകമാകുക.
എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്മാര്‍ക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. മതപരമായ ആചാരങ്ങള്‍ അനുസരിച്ച് വിവാഹം നടത്താം. എന്നാല്‍ 60 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം. സൈനികര്‍ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകളുണ്ടായിരിക്കും.
ബഹുഭാര്യത്വ-ബഹുഭര്‍തൃത്വ നിരോധനവും നിലവില്‍ വന്നു. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാന്‍ നിമയം അനുവദിക്കുന്നില്ല. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ബാധകമായിരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് മറ്റ് ചില പ്രധാന ഘടകങ്ങള്‍. വിവാഹ മോചനത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാകുക ഒരേ നിയമമാകും. മാത്രമല്ല പുരുഷനും സ്ത്രീക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഒരു പോലെയായിരിക്കും.
ലിവ്-ഇന്‍ റിലേഷനുള്‍പ്പടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. 21 വയസിന് താഴെ പ്രായമുള്ളവരുടെ ലിവ്- ഇന്‍ റിലേഷന് മാതാപിതാക്കളുടെ സമ്മതം അത്യാവശ്യമാണ്. ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്തിനകത്ത് എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും. ലിവ്-ഇന്‍ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതോ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതോ ഇനി കുറ്റകരമായിരിക്കും. മൂന്ന് മാസം വരെ തടവോ 25,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ സാധാരണ വിവാഹ ബന്ധത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.