സനാതന ധര്‍മം എച്ച്. ഐ, വി പോലെ; ഉദയനിധിക്ക് പിന്നാലെ എ. രാജയും സനാതന ധര്‍മക്കെതിരെ
national news
സനാതന ധര്‍മം എച്ച്. ഐ, വി പോലെ; ഉദയനിധിക്ക് പിന്നാലെ എ. രാജയും സനാതന ധര്‍മക്കെതിരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2023, 6:44 pm

ചെന്നൈ: ഉദയനിധി സ്റ്റാലിന് പിന്നാലെ സനാതന ധര്‍മ്മത്തിനെതിരെ വിമര്‍ശനവുമായി ഡി.എം.കെ എം.പി എ. രാജ. സനാതന ധര്‍മ്മം എച്ച്.ഐ.വിക്കും കുഷ്ഠ രോഗത്തിനും സമാനമാണെന്നാണ് നീലഗിരി എം.പിയും ഡി.എം.കെ നേതാവുമായ എ. രാജ പറഞ്ഞിരിക്കുന്നത്. ഇന്ന്, സെപ്തംബര്‍ 7ന് ഉദഗമണ്ഢലത്തില്‍ ഡി.എം.കെ ബൂത്ത് ഏജന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ ആളുകളുടെ മത വിശ്വാസങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ സര്‍ക്കാര്‍ മതം ഉപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും എ.രാജ പറഞ്ഞു.

‘സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഏറെ മാന്യമാണ്. കാരണം മലേറിയയും ഡെങ്കിപ്പനിയും ബാധിച്ച് മരിച്ചവരെ ആരും അവഞ്ജയോടെ കാണാറില്ല. എന്നാല്‍ സനാതന ധര്‍മ്മത്തെ പുറത്ത് പറയാന്‍ മടിച്ചിരുന്ന എച്ച്.ഐ.വിയോടും കുഷ്ഠരോഗത്തോടും സമാനാമായാണ് കാണേണ്ടത്. വര്‍ണാശ്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

സനാതന ധര്‍മത്തെ പിന്തുടരുന്നവര്‍ക്ക് കടല്‍ കടക്കാന്‍ പാടില്ലെന്നാണ്. അതുകൊണ്ട് തന്നെ സനാതന ധര്‍മത്തെ അംഗീകരിക്കുന്ന പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്താന്‍ പാടില്ല. ശങ്കരാചാര്യരുമായി നിങ്ങള്‍ ഡല്‍ഹിയില്‍ അമ്പും വില്ലുമേന്തിയ ഒരു കോടി ആളുകളെ സംഘടിപ്പിച്ച് സംവാദത്തിന് വരൂ. അംബേദ്കറും പെരിയോറും എഴുതിയ പുസ്തകങ്ങളുമായി ഞങ്ങളും വരാം,’ എ.രാജ പറഞ്ഞു.

കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം, സി.പി.ഐ പ്രതിനിധകള്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് എ.രാജ സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച് കൊണ്ട് സംസാരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈയിലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് തമിഴ്‌നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളെ ഉന്‍മൂലനം ചെയ്തത് പോലെ തുടച്ചുനീക്കണമെന്ന പരാമര്‍ശം നടത്തിയത്.

പ്രസ്താവനക്കെതിരെ സംഘപരിവാര്‍, ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. പരാമര്‍ശത്തില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെങ്കിലും ഉദയനിധി സ്റ്റാലിന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണുണ്ടായത്. ഇന്ന് ഉദയനിധിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത് വന്നു.

content highlights: After Udayanidhi Stalin, another DMK leader A. raja against sanatan dharma