ഇസ്രഈലിന്റെ വജ്രായുധം സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍, നീക്കം യു.എ.ഇക്കു പിന്നാലെ
World News
ഇസ്രഈലിന്റെ വജ്രായുധം സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍, നീക്കം യു.എ.ഇക്കു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 8:50 pm

ദോഹ: എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ അമേരിക്കയുമായി യു.എ.ഇ ധാരണയായതിനു പിന്നാലെ ഖത്തറും സമാനമായ നീക്കം നടത്തുന്നു. എഫ്-35 ജെറ്റുകള്‍ക്കായി ഖത്തര്‍ അമേരിക്കയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവര പ്രകാരം എഫ്-35 ജെറ്റ് വാങ്ങാനുള്ള അപേക്ഷ ഖത്തര്‍ യു.എസിനു സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ത്തകളോട് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇസ്രഈലുമായി സമാധാന കരാറിനു ധാരണയായതിനു തൊട്ടു പിന്നാലെയായിരുന്നു യു.എ.ഇയുടെ നീക്കം.

എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഇസ്രഈല്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. അള്‍ട്രാ അഡ്വാന്‍സ്ഡ് ജെറ്റ് ഫൈറ്റേഴ്സ് യു.എ.ഇ വാങ്ങുന്നത് മേഖലയിലെ സൈനിക തലത്തില്‍ ഇസ്രഈലിനുള്ള മേല്‍ക്കോയ്മയ്ക്ക് തിരിച്ചടിയാവുമെന്ന് ഇസ്രഈല്‍ ഭയക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്.

അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരം മേഖലയില്‍ ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. ഇതാണ് അറബ് രാജ്യങ്ങള്‍ക്ക് ഈ യുദ്ധവിമാനം സ്വന്തമാക്കുന്നതിലെ തടസ്സം.

1973 ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനു ശേഷം ഇസ്രഈലിന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു മുമ്പ് ഇസ്രഈലിന് പ്രഥമ പരിഗണന നല്‍കുമെന്നും പശ്ചിമേഷ്യയിലെ ഇസ്രഈലിന്റെ സൈന്യത്തെ സംരക്ഷിക്കുമെന്നും യു.എസ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഈ ധാരണ പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. അതേസമയം ഇസ്രഈലിന് യഥാര്‍ത്ഥത്തില്‍ വില്‍പ്പന തടയാന്‍ കഴിയില്ലെങ്കിലും വില്‍പ്പനയെ എതിര്‍ക്കാന്‍ പറ്റും.

യു.എ.ഇ വര്‍ഷങ്ങളായി ഈ യുദ്ധ വിമാനം സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്.

അടുത്തിടെ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലുള്‍പ്പെടെ ഇസ്രഈലിനെതിരെ ഖത്തര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ഇസ്രഈലുമായി സമാധാന ഉടമ്പടിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറിന്റെ അപേക്ഷ അമേരിക്ക സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlight: After UAE, Qatar also said to submit request for F-35 jets