ആക്ഷന്‍ അവതാര്‍; രോമാഞ്ചമുണ്ടാക്കുന്ന എന്‍ട്രി; ദി ഗ്രേ മാനിലെ പ്രകടനത്തിന് കയ്യടി
Film News
ആക്ഷന്‍ അവതാര്‍; രോമാഞ്ചമുണ്ടാക്കുന്ന എന്‍ട്രി; ദി ഗ്രേ മാനിലെ പ്രകടനത്തിന് കയ്യടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 10:33 am

റയാന്‍ ഗോസ്ലിങ് നായകനായ ദിഗ്രേ മാന്‍ ജൂലൈ 22ന് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മാര്‍ക്ക് ഗ്രെയ്‌നിയുടെ ദി ഗ്രേ മാന്‍ എന്ന പള്‍പ്പ് നോവലിനെ അടിസ്ഥാനമാക്കിയാണ് റൂസോ സഹോദരന്‍മാര്‍ അതേ പേരില്‍ സിനിമ നിര്‍മിച്ചത്.

റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡി അര്‍മാസ് എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിലെ ധനുഷിന്റെ സാന്നിധ്യം ഇന്ത്യന്‍ പ്രേക്ഷകരേയും ആവേശത്തിലാക്കിയിരുന്നു.

റിലീസിന് മുമ്പേ പുറത്ത് വന്ന ധനുഷിന്റെ ഫൈറ്റ് സീക്വന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അന ഡി അര്‍മാസിനും ഗോസ്ലിങിനുമൊപ്പമുള്ള ഫൈറ്റ് സ്വീക്വന്‍സില്‍ തന്റെ സ്വതസിദ്ധമായ സ്‌കില്‍ പ്രദര്‍ശിപ്പിക്കാന്‍ ധനുഷിനായിരുന്നു. ഈ രംഗത്തില്‍ ധനുഷിനൊപ്പമെത്താന്‍ ഏറെ പാടുപെട്ടു എന്ന് അന ഡി അര്‍മാസ് പിന്നീട് പറഞ്ഞിരുന്നു.

റിലീസിന് പിന്നാലെ ധനുഷിന് കയ്യടികള്‍ ഉയരുകയാണ്. ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ച അവിക് വെറും കാമിയോ അപ്യറന്‍സ് മാത്രമല്ലെന്നും സിനിമയിലെ നിര്‍ണായകമായ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. ഒരു കൊലയാളിയുടെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിലെ ധനുഷിന്റെ എന്‍ട്രി കണ്ടപ്പോള്‍ രോമാഞ്ചമുണ്ടായെന്നും ഇന്ത്യന്‍ പ്രേക്ഷകര്‍ പറയുന്നു. ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച കഥാപാത്രമാണ് ധനുഷിന്റെ എന്‍ട്രിക്ക് മുന്നോടിയായിട്ടുള്ള വാചകങ്ങള്‍ പറയുന്നത്. പ്രധാനകഥാപാത്രങ്ങളെക്കാള്‍ ശക്തനാണ് ചിത്രത്തില്‍ ധനുഷിന്റെ അവിക്.

ധനുഷിന് രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാന്‍. 2019 ല്‍ പുറത്ത് വന്ന ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഹോളിവുഡ് എന്‍ട്രി.

Content Highlight: After the release of the gray man, Dhanush is receiving applause