മലയന്‍കുഞ്ഞിന് ഈ ഈണം മതിയോ?
Film News
മലയന്‍കുഞ്ഞിന് ഈ ഈണം മതിയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 8:40 am

പല ഘടകങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് നവാഗതനായ സജിമോന്റെ സംവിധാനത്തിലെത്തിയ മലയന്‍കുഞ്ഞ്. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രം എന്നതാണ് അതില്‍ ഒരു ഘടകം. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയ ഫഹദിന്റെ മലയാളം ചിത്രം. ഇതിനിടക്ക് ഇറങ്ങിയ ജോജി, സി യു സൂണ്‍ മുതലായ ചിത്രങ്ങള്‍ ഒ.ടി.ടി റിലീസായിരുന്നു. പുഷ്പയും വിക്രവും ആകട്ടെ അന്യഭാഷാ ചിത്രങ്ങളും.

30 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. 1992ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയാണ് റഹ്മാന്‍ ഇതിന് മുമ്പ് സംഗിതം സംവിധാനം നിര്‍വഹിച്ച മലയാളം ചിത്രം. ഇന്ത്യയിലെ ഏറ്റവും മികച്ച മ്യുസിഷന്‍ തന്നെ മലയാളത്തിലേക്ക് വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിക്കും.

റിലീസിന് ശേഷം ചിത്രത്തിലെ പാട്ടിനും പശ്ചാത്തല സംഗീതത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള പാട്ടുകളാണ് റഹ്മാന്‍ ഒരുക്കിയത്. രണ്ടാം പകുതിയിലായിരുന്നു പശ്ചാത്തല സംഗീതത്തിന് കാര്യമായി ചെയ്യാനുണ്ടായിരുന്നത്. അനിക്കുട്ടനും പൊന്നിയും മാത്രമുണ്ടായിരുന്ന രണ്ടാം പകുതിയില്‍ പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്ന തരത്തിലുള്ള ബി.ജി.എം ആവശ്യമായിരുന്നു.

എന്നാല്‍ പശ്ചാത്തല സംഗീതം ആവശ്യമില്ലാത്ത സ്ഥലത്തും വന്നിരുന്നു എന്ന തോന്നലുമുണ്ടാകും. ചിലയിടങ്ങളില്‍ നിശബ്ദത ആയിരുന്നില്ലേ യോജിച്ചത് എന്ന് തോന്നിപ്പോയി.

മണ്ണിടിച്ചില്‍ സീനില്‍ പെട്ടുകിടക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതിന്റെയും കുട്ടിയുടെ കരച്ചിലിന്റെയുമൊക്കെ ഫീലിങ്ങ്‌സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ആ സീനിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിലും റഹ്മാന്റെ മ്യൂസിക് മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, മറ്റു പല ഭാഗങ്ങളിലും ബി.ജി.എം അനാവശ്യമായിരുന്നു എന്ന് തോന്നിയിരുന്നു. സീനുകളിലെ സ്വാഭാവിക തീവ്രതയെയും വികാരങ്ങളെയും അല്‍പം നാടകീയമാക്കുന്നതായിരുന്നു ചില സ്‌കോറുകള്‍.

വളരെ ആഴമുള്ള പ്ലോട്ടും കഥാപാത്രങ്ങളും അതിനൊപ്പം ടെക്‌നിക്കല്‍ ബ്രില്യന്‍സും പരീക്ഷണവുമെല്ലാമുള്ള സിനിമയാണ് മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെയും ജാതീയതയുടെ വിവിധ തലങ്ങളെയും കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണിത്. മികച്ച സംവിധാനവും തിരക്കഥയും ഫഹദിന്റെയടക്കം എല്ലാ അഭിനേതാക്കളുടെയും മികച്ച പെര്‍ഫോമന്‍സുകളും സിനിമ നല്‍കുന്നുണ്ട്.

Content Highlight: After the release of malayankunju a r rahman‘s song and background score received mixed response