രസികന് സിനിമകൂടി തിയേറ്ററില്‍ പരാജയപ്പെട്ടത്തോടെ തന്റെ കരയിര്‍ അവസാനിച്ചു എന്നാണ് കരുതിയതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീശമാധവന്‍ എന്ന വലിയൊരു ഹിറ്റിന് ശേഷം തുടര്‍ച്ചയായി പട്ടാളവും, രസികനും തിയേറ്ററുകളില്‍ പരാജയപ്പെട്ടതോടെ ഇനിയെന്താണ് ചെയ്യുക എന്നും താന്‍ ആലോചിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
രസികന്‍ വിചാരിച്ച പോലെ തിയേറ്ററില്‍ വിജയിച്ചില്ല. മീശമാധവന് ശേഷം ഞാനും ദിലീപും ഒരുമിക്കുന്ന സിനിമ എന്ന നിലയില്‍ അതിന് വലിയൊരു ഹൈപ്പ് ലഭിച്ചിരുന്നു. മീശമാധവന്റെ ലെവലില്‍ ആളുകള്‍ ഹ്യൂമര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അത് കൊണ്ട് തന്നെ ആ സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടു.
തിരുവനന്തപുരത്ത് നടക്കുന്ന കഥയായതിനാല്‍ മുരളിഗോപി തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു ഡയലോഗുകള്‍ എഴുതിയിരുന്നത്. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് അത് മനസിലാകില്ലെന്ന് ദിലീപും നിര്‍മാതാവും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അത് പിന്നീട് ഒരു ന്യൂട്രല്‍ ഭാഷയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. അല്ലെങ്കില്‍ ആ സ്ലാങ്ങിന്റെയൊക്കെ ശൈലി ഒരു തമാശയായിട്ട് വരുമായിരുന്നു. അതിന് ശേഷം തിരുവനന്തപുരം സ്‌ളാങ്ങ് സംസാരിച്ച രാജമാണിക്യം ഭയങ്കര ഹിറ്റായി.
ചില നിര്‍ഭാഗ്യങ്ങള്‍ നമ്മളെ പിന്തുടരും. അങ്ങനെ രസികന്‍ തിയേറ്ററില്‍ പരാജയപ്പെട്ടു. അത് കഴിഞ്ഞ് കുറച്ച് കാലം ഞാന്‍ വല്ലാത്തൊരു ഡിപ്രഷനിലായിരുന്നു. ഫുള്‍ നിര്‍ഭാഗ്യങ്ങളായിരുന്നു അന്ന്. മനോഹരമായ പാട്ടുകള്‍ രസികനിലുണ്ടായിരുന്നു, മനോഹരമായി ഷൂട്ട് ചെയ്തതായിരുന്നു അത്. ലാബില്‍ വെച്ച് സംഭവിച്ച സാങ്കേതിക പ്രശ്‌നം കാരണം അതൊന്നും വര്‍ക്കായില്ല. തിയേറ്ററില്‍ ഈ സിനിമ വന്നപ്പോള്‍ ഒട്ടും പ്രൊജക്ഷനില്ലാതെയും, ലൈറ്റില്ലാതെയുമാണ് വന്നത്.
ഇന്നത്തെ തിയേറ്റര്‍ കണ്ടീഷനുമല്ലായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് മങ്ങിയ സ്‌ക്രീനും മോശം സൗണ്ട് സിസ്റ്റവുമൊക്കെയായിരുന്നു. പ്രൊജക്ഷന്‍ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു. രസികന് ലാബില്‍ വെച്ച് സാങ്കേതിക പ്രശ്‌നം കൂടി സംഭവിച്ചതോടെ മനോഹരമായി ഷൂട്ട് ചെയ്തതൊക്കെ കരിപിടിച്ചത് പോലെയായി.
രസികന്‍ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി. സങ്കടപ്പെട്ടാണ് അന്ന് വീട്ടിലേക്ക് പോയത്. മീശമാധവന്‍ എന്ന വന്‍ ഹിറ്റിന് ശേഷം പട്ടാളവും, പിന്നാലെ രസികനും പരാജയപ്പെട്ടതോടെ ഞാന്‍ ഇനിയെന്ത് ചെയ്യുമെന്ന ടെന്‍ഷനിലായി,’ ലാല്‍ ജോസ് പറഞ്ഞു.
content highlights: After the failure of Rasikan, my career was thought to be over: lal jose