'ആ വാദവും തെറ്റ്'; മിന്നലാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷമേറി; 69 സൈനികര്‍ കൊല്ലപ്പെട്ടു
India
'ആ വാദവും തെറ്റ്'; മിന്നലാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷമേറി; 69 സൈനികര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2017, 8:43 am

ന്യൂദല്‍ഹി: പാക് അധീന കാശ്മീരില്‍ നടത്തിയെന്നവകാശപ്പെടുന്ന “മിന്നലാക്രമണ”ത്തിനു ശേഷം അതിര്‍ത്തിയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. മിന്നാലക്രമണത്തിന് ശേഷം വെടിനിര്‍ത്തല്‍ ലംഘനവും ഏറ്റുമുട്ടലുകളും അതിര്‍ത്തിയില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.


Also Read: കോടിയേരിയും ജയരാജനും ഹിറ്റ്‌ലിസ്റ്റിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


ഉറി ആക്രമണത്തിനു പിന്നാലെ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 29 നായിരുന്നു പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനുശേഷം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കലുഷിതമാണ് അതിര്‍ത്തിയിലെ സ്ഥിതിഗതികളെന്ന് ഏറ്റുമുട്ടലുകളുടെയും മരണങ്ങളുടെയും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം നിയന്ത്രണരേഖയില്‍ 228 തവണ വെടി നിര്‍ത്തല്‍ കരാര്‍ലംഘനമുണ്ടായപ്പോള്‍ ഈവര്‍ഷം ഇതുവരെ 444 തവണയാണ് കരാര്‍ ലംഘിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന കരാര്‍ലംഘനങ്ങളില്‍ 60 ശതമാനത്തിലധികവും മിന്നലാക്രമണത്തിനുശേഷവുമായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ജനുവരിക്കും സെപ്തംബറിനുമിടയില്‍ 110 ഭീകരരെ സൈന്യം വധിച്ചെങ്കില്‍, മിന്നലാക്രമണത്തിനുശേഷം കശ്മീര്‍ താഴ്‌വരയിലും നിയന്ത്രണരേഖയിലുമായി 178 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2016 ഒക്ടോബര്‍-ഡിസംബര്‍ മാസത്തിനിടെ 31 ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ ഈവര്‍ഷം 147 പേരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നു എന്നതിന്റെ തെളിവ് തന്നെയാണ് ഇത്.


Dont Miss: സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ പ്രധാനധ്യാപകന്‍; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍; വീഡിയോ


കഴിഞ്ഞവര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍ ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട 19 സൈനികര്‍ ഉള്‍പ്പെടെ 38 സൈനികരാണ് കൊല്ലപ്പെട്ടതെങ്കില്‍ മിന്നലാക്രമണത്തിനുശേഷം 69 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികകണക്ക്. കൂടുതല്‍ വെടിനിര്‍ത്തല്‍ലംഘനം ഉണ്ടായതും ഏറ്റുമുട്ടലുകള്‍ നടന്നതും മരണസംഖ്യ ഉയരാനിടയാക്കിയെന്നാണ് ഔദ്യോഗികവിശദീകരണം.

മിന്നലാക്രമണത്തെതുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലും അതിര്‍ത്തിയിലും സാഹചര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകള്‍ തന്നെ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ്.