അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും തീര്‍ച്ചയായും ക്ഷണിക്കും; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ട്രസ്റ്റ്
India
അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും തീര്‍ച്ചയായും ക്ഷണിക്കും; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ട്രസ്റ്റ്
ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 4:49 pm

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും, മുരളി മനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് രംഗത്ത്.

എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും തീര്‍ച്ചയായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുമെന്നും മറ്റു നേതാക്കളെ ക്ഷണിച്ചതുപോലെ തന്നെ ഇവരേയും ഫോണില്‍ ബന്ധപ്പെടുമെന്നുമാണ് ട്രസ്റ്റ് അറിയിച്ചത്.

രാംജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായ് ആണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നവരുമായി ബന്ധപ്പെടുന്നതും ട്രസ്റ്റ് അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിയെയും മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അദ്വാനിയേയും ജോഷിയേയും ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

1996 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ തീര്‍ച്ചയായും എത്തുമെന്നുമായിരുന്നു ഉമ ഭാരതിയും കല്യാണ്‍ സിങ്ങും പ്രതികരിച്ചത്.

ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ലഖ്‌നൗ സി.ബി.ഐ കോടതി അദ്വാനിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍.

നാലരമണിക്കൂര്‍ കൊണ്ട് അദ്ദേഹത്തോട് ആയിരം ചോദ്യങ്ങള്‍ ചോദിച്ചുവെന്നും എന്നാല്‍ കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലക്നൗവിലെ സി.ബി.ഐ കോടതിയ്ക്ക് മുന്‍പാകെ മുരളി മനോഹര്‍ ജോഷിയും ഹാജരായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരാണ് പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, ഉമാഭാരതി മുരളി മനോഹര്‍ ജോഷി എന്നിവര്‍.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ ഭാരതിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. കേസിലെ വിധി എന്ത് തന്നെയായാലും അത് തനിക്ക് പ്രശ്മല്ലെന്നായിരുന്നു ഉമ ഭാരതി പ്രതികരിച്ചത്.

‘ മൊഴി രേഖപ്പെടുത്താനായി കോടതി വിളിപ്പിച്ചിരുന്നു. എന്താണ് സത്യമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തു തന്നെയായാലും അതെനിക്ക് പ്രശ്‌നമല്ല. എന്നെ തൂക്കിലേറ്റാന്‍ വിധിച്ചാല്‍ പോലും അത് എനിക്ക് ലഭിക്കുന്ന അനുഗ്രമായി ഞാന്‍ കണക്കാക്കും’, എന്നായിരുന്നു ഉമ ഭാരതിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ