വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി കളിക്കാനൊരുങ്ങി ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും. ഡിസംബര്‍ 24ന് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിലാണ് ഇരുവരും ഇടം നേടിയത്. 2026 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ ഗില്‍ ആഭ്യന്തര മത്സരങ്ങളില്‍ മികവ് തെളിയിച്ച് മുന്നേറാനാണ് ലക്ഷ്യമിടുന്നത്. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഗില്ലിനെ ബി.സി.സി.ഐ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്.
അതേസമയം ഏറെ അവഗണനകള്‍ക്ക് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്റെ ഓപ്പണിങ് സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഗില്ലിന് പകരമായാണ് സഞ്ജു ഇടം നേടിയത്. കൂടാതെ വിജയ്ഹസാരെ ട്രോഫിയില്‍ കേരളത്തിനായും സഞ്ജു കളത്തിലിറങ്ങുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്.
ഇതോടെ ശുഭ്മന്‍ ഗില്ലും സഞ്ജുവും തമ്മിലുള്ള കിടമത്സരം ചൂടുപിടിച്ചിരിക്കുകയാണ്. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ഓപ്പണിങ് പൊസിഷനില്‍ തകര്‍ത്തടിക്കാനാകും ഗില്ലിന്റെ ലക്ഷ്യം. അതേസമയം വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയും പഞ്ചാബ് സ്‌ക്വാഡില്‍ ചേരുന്നുണ്ട്. ഇരുവരും ഓപ്പണിങ് പൊസിഷനിലാകും കളിക്കുക. ഇരുവര്‍ക്കും പുറമെ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഫോം നിലനിര്‍ത്താന്‍ കളത്തിലിറങ്ങുന്നുണ്ട്.