കോച്ചിനെ കണ്ടല്ലേ ചെറുക്കനും പഠിക്കുക; 'രാഹുലിന്റെ' കുത്തകയില്‍ കൈവെച്ച് 'രാഹുല്‍'
icc world cup
കോച്ചിനെ കണ്ടല്ലേ ചെറുക്കനും പഠിക്കുക; 'രാഹുലിന്റെ' കുത്തകയില്‍ കൈവെച്ച് 'രാഹുല്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th November 2023, 11:16 pm

2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 250 റണ്‍സിന് ഓള്‍ ഔട്ടായി.

ഇന്ത്യക്കായി ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി.

ശ്രേയസ് അയ്യര്‍ 94 പന്തില്‍ നിന്നും പുറത്താകാതെ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ 61 റണ്‍സടിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലും വിരാടും 51 റണ്‍സ് വീതവും നേടി.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല നേട്ടങ്ങളും രാഹുലിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം, ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡുകള്‍ രാഹുല്‍ സ്വന്തമാക്കിയിരുന്നു.

ഇതിന് പുറമെ മറ്റൊരു റെക്കോഡും രാഹുല്‍ നേടിയിരുന്നു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് മാത്രം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് രാഹുല്‍ നേടിയത്. ഇതിന് മുമ്പ് നിലവിലെ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡാണ് ഈ നേട്ടം സ്വന്തമാക്കിയത്.

1999 ലോകകപ്പിലായിരുന്നു ദ്രാവിഡിന്റെ റെക്കോഡ് നേട്ടം പിറവിയെടുത്തത്. ആ ലോകകപ്പിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായ ദ്രാവിഡ് രണ്ട് സെഞ്ച്വറിയടക്കം 461 റണ്‍സാണ് നേടിയത്. ശ്രീലങ്കക്കെതിരെയും കെനിയക്കെതിരെയുമായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

കെനിയക്കെതിരെ ബ്രിസ്റ്റോണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 104 റണ്‍സാണ് ദ്രാവിഡ് സ്വന്തമാക്കിയത്. ലോകകപ്പിലെ ദ്രാവിഡിന്റെ ആദ്യ സെഞ്ച്വറി നേട്ടമായിരുന്നു അത്.

ടൗണ്‍ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ ലങ്കക്കെതിരായ മത്സരത്തിലും ദ്രാവിഡ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 129 പന്തില്‍ 145 റണ്‍സാണ് ഇന്ത്യയുടെ വന്‍മതില്‍ സ്വന്തമാക്കിയത്.

എന്നാല്‍ ഈ രണ്ട് മത്സരത്തിലും കളിയിലെ താരമാകാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. കെനിയക്കെതിരായ മത്സരത്തില്‍ 140* റണ്‍സടിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ ലങ്കക്കെതിരെ 183 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയായിരുന്നു കളിയിലെ താരം.

സമാനമായി കെ.എല്‍ രാഹുല്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു സെഞ്ച്വറിവീരനായ ശ്രേയസ് അയ്യരുമാണ്.

 

 

Content highlight: After Rahul Dravid, KL Rahul becomes the only Indian wicket keeper to score a century in World Cup