മുടിയ്ക്ക് പിന്നാലെ നഖങ്ങളും കൊഴിയുന്നു; ആശങ്കയിലായി മഹാരാഷ്ട്രയിലെ ഷെഗാവോണ്‍ ഗ്രാമവാസികള്‍
national news
മുടിയ്ക്ക് പിന്നാലെ നഖങ്ങളും കൊഴിയുന്നു; ആശങ്കയിലായി മഹാരാഷ്ട്രയിലെ ഷെഗാവോണ്‍ ഗ്രാമവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th April 2025, 3:27 pm

മുംബൈ: മഹാരാഷ്ട്രയില്‍ മുടികൊഴിച്ചിലിന് പിന്നാലെ ഷെഗാവോണ്‍ ഗ്രാമവാസികളുടെ നഖങ്ങളും കൊഴിയുന്നതായി റിപ്പോര്‍ട്ട്. നഖങ്ങള്‍ പൊടിഞ്ഞുപോകുന്നതായും കൊഴിയുന്നതായും ഗ്രാമവാസികള്‍ പരാതിപ്പെട്ടു. ഏകദേശം 29 പേരുടെ നഖങ്ങള്‍ക്കാണ് ഇപ്പോള്‍ രൂപമാറ്റം സംഭവിച്ചത്

‘നാല് ഗ്രാമങ്ങളിലെ ആളുകളില്‍ മുടികൊഴിച്ചിലിന് പുറമെ നഖം കൊഴിച്ചിലും കണ്ടെത്തിയിട്ടുണ്ട്,’ ബുള്‍ദാന ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. അനില്‍ ബങ്കര്‍ പറഞ്ഞു. രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും അനില്‍ അറിയിച്ചു.


സെലീനിയം എന്ന മൂലകത്തിന്റെ അമിതമായ സാന്നിധ്യമാണ് നഖങ്ങള്‍ കൊഴിയുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉയര്‍ന്ന സാന്ദ്രതയില്‍ വിഷാംശം പുറപ്പെടുവിക്കുന്ന ഒരു മൂലകമാണ് സെലീനിയം.

ഗ്രാമത്തിലെ ഗോതമ്പ് പാടങ്ങളില്‍ ഈ മൂലകം ഉപയോഗിച്ചുള്ള രാസകീടനാശിനികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2024 ഡിസംബര്‍ മുതല്‍ ഗ്രാമത്തിലുള്ളവരുടെ മുടി അസാധാരണമായി കൊഴിയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഷെഗാവോണ്‍, നന്ദുര, ഖാംഗവ് എന്നീ ഗ്രാമങ്ങളിലാണ് മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തുടര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘം ഗ്രാമത്തിലെ ഒന്നിലധികം പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഐ.സി.എം.ആര്‍ രക്തസാമ്പികളുടെ പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.

മലിനീകരണം പരിശോധിക്കുന്നതിനായി ഗ്രാമങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു.

നഖം കൊഴിച്ചിലിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗ്രാമവാസികള്‍, പ്രാഥമിക ചികിത്സ മാത്രമാണ് അധികൃതര്‍ നല്‍കിയതെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്. നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തിനെതിരെയും ഗ്രാമവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: After hair, nails are falling out; residents of Shegaon village in Maharashtra are worried