സെന്‍ട്രല്‍ വിസ്ത നിര്‍മാണ സ്ഥലത്ത് ചിത്രങ്ങള്‍ എടുക്കുന്നതിന് വിലക്ക്; തൊഴിലാളികള്‍ താമസിക്കുന്നത് മോശം സ്ഥിതിയിലെന്നും റിപ്പോര്‍ട്ട്
national news
സെന്‍ട്രല്‍ വിസ്ത നിര്‍മാണ സ്ഥലത്ത് ചിത്രങ്ങള്‍ എടുക്കുന്നതിന് വിലക്ക്; തൊഴിലാളികള്‍ താമസിക്കുന്നത് മോശം സ്ഥിതിയിലെന്നും റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th May 2021, 11:38 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെ പ്രദേശത്ത് നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും തടയുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുന്നത്.

വീഡിയോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകയെ നിര്‍മാണ പ്രവര്‍ത്തകര്‍ തടയുന്ന ദൃശ്യങ്ങള്‍ ദി ക്വിന്റ് ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

നിര്‍മാണ പ്രവര്‍ത്തനത്തിനായെത്തിയ തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചയായിട്ടും സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകയെ നിര്‍മാണ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

നിങ്ങള്‍ക്ക് ഇവിടെ നിന്ന് വീഡിയോ എടുക്കാന്‍ അനുവാദമില്ലെന്നായിരുന്നു കോണ്‍ട്രാക്ടര്‍മാര്‍ പറഞ്ഞത്.

ഗേറ്റിന്റെ അടുത്ത് നിന്ന് ചിത്രീകരിക്കുന്നതില്‍ സുരക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങളുണ്ടെന്നായിരുന്നു പ്രധാന കോണ്‍ട്രാക്ടര്‍ ഷപൂര്‍ജി പല്ലോന്‍ജി മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്.

എന്നാല്‍ താന്‍ റോഡില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ നിന്ന് എന്നെ തടയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഫലമായി പ്രദേശത്ത് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയായ തനിക്ക് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും റിപ്പോര്‍ട്ടര്‍ വീഡിയോയില്‍ പറയുന്നു.

നിര്‍മാണ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ സ്ഥലം ഏര്‍പ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് പറയുമ്പോഴും നിരവധി തൊഴിലാളികള്‍ ഇപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും വീഡിയോയില്‍ പറയുന്നു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ 7-8 വരെ തൊഴിലാളികളാണ് ഒരു ടെന്റില്‍ കഴിയേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. തിങ്ങി നിറഞ്ഞ് കിടക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കുറേ തൊഴിലാളികള്‍ ഇവരുടെ വീടുകളിലും മറ്റു സ്ഥലങ്ങളിലുമാണ് കിടക്കുന്നതെന്നും തൊഴിലാളികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് സംസാരിക്കുന്നതും തടയുകയായിരുന്നു.

എന്നാല്‍ ദല്‍ഹിയുടെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ തൊഴിലാളികളെയും കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് പാര്‍പ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡിനിടയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After facing criticism for construction of Central Vista Project amid COVID19, photos/videos have now been prohibited at the site.