ത്രിപുര മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ മാധ്യമ പ്രവർത്തകന് ക്രൂര മർദ്ദനം
national news
ത്രിപുര മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ മാധ്യമ പ്രവർത്തകന് ക്രൂര മർദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 7:25 am

​ഗുവാഹത്തി: ത്രിപുര ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ​ദേബിനും മാധ്യമപ്രവർത്തകർക്കുമിടയിലുള്ള പോര് മുറുകവേ മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമ പ്രവർത്തകന് ക്രൂര മർദ്ദനം. ബിപ്ലബ് ദേബിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച മാധ്യമ പ്രവർത്തകനായ പരാഷർ ബിശ്വാസിനാണ് മർദ്ദനമേറ്റത്.

വീട്ടിലെത്തിയായിരുന്നു അക്രമണം. ​ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അ​ഗർത്തലയിലെ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധികൾ നേരിടുന്നതിൽ ത്രിപുര ബി.ജെ.പി സർക്കാരിന് വീഴ്ച്ച വന്നതും സർക്കാർ തലത്തിലെ നിഷ്ക്രിയത്വവും ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. വാർത്തകളോട് പൊറുക്കില്ലെന്ന് ബിപ്ലബ് കുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് മർദ്ദനമേറ്റത്.

ജോലിക്കിടെ കൊവിഡ് വന്ന മാധ്യമപ്രവർത്തകൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതിന് ശേഷം സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ത്രിപുരയിൽ മുഖ്യമന്ത്രിയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ബിശ്വാസിനെതിരെ സൈബർ ആക്രമണവും നടന്നിരുന്നു.
പത്രത്തിന്റെ എഡിറ്റർ സുബാൽ ദേ അക്രമത്തെ അപലപിച്ചു.

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയും ഫേസ്ബുക്ക് പോസ്റ്റിട്ട് 12 മണിക്കൂറാകുന്നതിന് മുമ്പേയുമാണ് അദ്ദേഹത്തിന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഈ ആക്രമണം ബി.ജെ.പി അം​ഗങ്ങളാണ് ചെയ്തതെന്ന് ഞങ്ങൾക്ക് സംശയമുണ്ട് സുബാൽ ദേ പറഞ്ഞു. അതേ സമയം സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് ബി.ജെ.പിയും രം​ഗത്തെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After Facebook Post On Chief Minister, Tripura Journalist Thrashed