2017ല്‍ 'വിദേശി'യായി പ്രഖ്യാപിക്കപ്പെട്ടു; അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം 'തിരിച്ച് നല്‍കി' ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍
national news
2017ല്‍ 'വിദേശി'യായി പ്രഖ്യാപിക്കപ്പെട്ടു; അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം 'തിരിച്ച് നല്‍കി' ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 8:37 am

ന്യൂദല്‍ഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍.

കഴിഞ്ഞയാഴ്ചയാണ് യുവതി ഇന്ത്യന്‍ പൗരയാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് അസമിലെ സില്‍ചാര്‍ ജില്ലയിലുള്ള ട്രൈബ്യൂണല്‍ പുറത്തിറക്കിയത്.

ഗുവാഹത്തി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ട്രൈബ്യൂണല്‍ നടപടി.

സെഫാലി റാണി ദാസ് എന്ന 23കാരിയാണ് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരയായി പ്രഖ്യാപിക്കപ്പെട്ടത്. അസമിലെ കച്ചര്‍ ജില്ലയിലെ മൊഹന്‍ഖല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സെഫാലി റാണി ദാസ്.

2017 സെപ്റ്റംബര്‍ 19നായിരുന്നു സെഫാലി റാണി ദാസിനെ അവരുടെ അസാന്നിധ്യത്തില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. ട്രൈബ്യൂണല്‍ ഹിയറിങ്ങിന് സെഫാലി ഹാജരാകാത്തതിനെത്തുടര്‍ന്നായിരുന്നു അസാന്നിധ്യത്തില്‍ തന്നെ അവരെ വിദേശിയായി പ്രഖ്യാപിച്ചത്.

എന്നാല്‍ സെഫാലി ഹൈക്കോടതിയില്‍ ഇതിനെതിരെ ഹരജി നല്‍കുകയും ഇന്ത്യന്‍ പൗരയാണെന്ന് സില്‍ചാര്‍ ട്രൈബ്യൂണലിന് മുന്നില്‍ തെളിയിക്കാന്‍ 2021 ജൂലൈയില്‍ ഗുവാഹത്തി ഹൈക്കോടതി സെഫാലിക്ക് അവസരം നല്‍കുകയുമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ട്രൈബ്യൂണല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുകയും സെഫാലി സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

മതത്തിന്റെ പേരിലുള്ള വേട്ടയാടലുകള്‍ കാരണം തന്റെ മുത്തച്ഛന്‍ ദുല്‍റബ്രം ദാസ് 1950 കാലഘട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നും (അന്നത്തെ ഈസ്റ്റ് പാകിസ്ഥാന്‍) ഇന്ത്യയിലെത്തിയതാണ് എന്നായിരുന്നു സെഫാലി വാദിച്ചത്.

1971 മാര്‍ച്ച് 25 ആണ് അസമില്‍ പൗരത്വം തെളിയിക്കാനുള്ള കട്ട് ഓഫ് തിയതി. അതായത് 1971 മാര്‍ച്ച് 25ന് മുമ്പ് തന്റെ പൂര്‍വികര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നാണ് ഇന്ത്യന് പൗരത്വം ലഭിക്കുന്നതിനായി തെളിയിക്കേണ്ടത്.

തന്റെ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയുടെ രേഖകളും സെഫാലി ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തന്റെ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സെഫാലി ഹാജരാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: After declaring a foreigner in 2017,  foreigners’ tribunal in Assam passed an order declaring woman, a citizen of India