ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഷേര്‍ ഇ ബംഗ്ലയില്‍ നടക്കുകയാണ്. നിലവില്‍ മത്സരം മഴമൂലം തടസപ്പെട്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസീസ് 42 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓസീസിന് തിരിച്ചടി നല്‍കിയാണ് ബംഗ്ലാദേശ് ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ തസ്‌കിന്‍ അഹമ്മദ് തന്റെ നാലാം പന്തില്‍ ഓപ്പണര്‍ മാറ്റ് ഷോട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കി. മെയ്ഡന്‍ ഓവറുമായാണ് താരം ആദ്യ ഓവര്‍ അവസാനിപ്പിച്ചത്.
രണ്ടാം ഓവറിനെത്തിയ മുസ്തഫിസൂര്‍ റഹ്‌മാന്‍ തന്റെ ആദ്യ പന്തില്‍ കൂപ്പര്‍ കനോലിയെയും നാലാം പന്തില്‍ മാറ്റ് റന്‍ഷോയേയും പൂജ്യം റണ്‍സിന് പുറത്താക്കി വമ്പന്‍ പ്രകടനം കാഴ്ചവെച്ചു. മുസ്തഫിസൂര്‍ മെയ്ഡനും രണ്ട് വിക്കറ്റുമായാണ് ഓസീസിനെ വിറപ്പിച്ചത്.
ആദ്യ രണ്ട് ഓവറില്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസ് ഒരു നാണക്കേടിന്റെ റെക്കോഡ് ലിസ്റ്റിലും എത്തിയിരിക്കുകയാണ്. ഏകദിന ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ ഒരു റണ്‍ പോലും ചേര്‍ക്കാതെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന നാലാമത്തെ ടീമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയ. പാകിസ്ഥാനും ബംഗ്ലാദേശുമുള്ള മോശം ലിസ്റ്റിലേക്കാണ് ഓസ്ട്രേലിയയും എത്തിച്ചേര്‍ന്നത്.
ഏകദിന ഇന്നിങ്സില്‍ ഒരു റണ്‍ പോലും ചേര്‍ക്കാതെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന ടീമുകള്‍
(വര്‍ഷം, ടീം, എതിരാളി എന്ന ക്രമത്തില്‍)
1983 – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ്
1997 – പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക
2003 – ബംഗ്ലാദേശ് – ശ്രീലങ്ക
2026 – ഓസ്ട്രേലിയ – ബംഗ്ലാദേശ്
നിലവില്‍ തസ്‌കിന്‍ അഹമദ്, മുസ്തഫിസൂര്‍, എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുകളാണ് നേടിയിത്. താരങ്ങള്‍ക്ക് പുറമെ തന്‍വീര്‍ ഇസ്ലാം രണ്ട് വിക്കറ്റുകളും നേടി.
അതേസമയം ഓസീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മാര്‍നസ് ലബുഷാനും സേവിയര്‍ ബാര്‍ട്ലറ്റുമാണ്. മാര്‍നസ് 85 പന്തില്‍ 55* റണ്‍സും, സേവിയര്‍ 48 പന്തില്‍ 52 റണ്‍സുമാണ് നേടിയത്. 34 റണ്‍സ് നേടിയാണ് ജോഷ് ഇംഗ്ലിസ് മടങ്ങിയത്.
പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. ഈ മത്സരത്തില്‍ വീജയം നേടിയാല്‍ ബംഗ്ലാദേശിന് ചാമ്പ്യന്‍മാരാകാം. ഇരുവരും തമ്മിലുള്ള അവസാന മത്സരം ജൂണ്‍ 14നാണ്.
Content Highlight: After 23 Years Australia In Unwanted Record List
