മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ എം. എസ്. എഫ് പ്രവർത്തകൻ അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ സൈബർ ആക്രമണം നേരിട്ട യുവാവ് വിമർശനവുമായി രംഗത്ത്.
മുൻമന്ത്രി അബ്ദു റബ്ബ് ഉൾപ്പടെയുള്ളവർക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് സൈബർ ആക്രമണം നേരിട്ട അഫ്സൽ പാണക്കാട് പറഞ്ഞു. താൻ ചെയ്യാത്ത കുറ്റത്തിന് മുസ്‌ലിം ലീഗ് പ്രവർത്തകർ തനിക്കെതിരെ ഭീഷണി മുഴക്കുകയും തന്നെ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് അഫ്സൽ പാണക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
മുമ്പ് സാദിഖ് അലി തങ്ങൾക്കെതിരെ വ്യാജ അക്കൗണ്ടിൽ നിന്നും ആരോപണം ഉന്നയിച്ച സമയത്ത് തന്നെ അഫ്സലാണ്ആ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. എന്നാൽ ഇക്കാര്യം യുവാവ് നിഷേധിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഇപ്പോൾ സംഭവത്തിൽ എം.എസ്.എഫ് പ്രവർത്തകൻ അറസ്റ്റിലായത്തോടെയാണ് മാനനഷ്ട കേസ് നൽകുമെന്ന് അഫ്സൽ അറിയിച്ചിരിക്കുന്നത്.
വിദേശത്തുള്ള തന്റെ ജോലിയടക്കം കളയാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നിട്ടും തന്നെ വിശ്വസിച്ച് കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
‘നാട്ടിൽ നിന്നും ഇങ്ങോട്ട് വിളിച്ചു പിന്തുണ നൽകിയ നേതാക്കളുണ്ട്. മുന്നേ പറഞ്ഞത് പോലെ ഇതൊരു താൽക്കാലിക പ്രതിസന്ധിയായിരുന്നു, കൂടെ നിന്ന അറിയുന്നവരും അറിയപ്പെടാത്തതുമായ മുഴുവൻ മനുഷ്യർക്കും നന്ദി അറിയിക്കുന്നു.
കേസുമായി മുന്നോട്ടു പോകും. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.ഇവർക്കെതിരെ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യും. ഒരിക്കൽ കൂടി ആവർത്തിക്കുന്നു. നിങ്ങൾക്ക് മുന്നിൽ അഫ്സൽ പാണക്കാട് തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല’, അഫ്സൽ കുറിച്ചു.
അഫ്സൽ പാണക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ പോസ്റ്റിന് ഒരു ജീവന്റെ വിലയുണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെട്ടിട്ടുണ്ടോ, മറുപടി പറയേണ്ടി വന്നിട്ടുണ്ടോ, സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കപ്പെട്ടിട്ടുണ്ടോ? കഴിഞ്ഞ മൂന്നുദിവസം ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദവും മുന്നിലുണ്ടായ പ്രതിസന്ധിയും ഇനി മറ്റൊരാൾക്കും ഉണ്ടാവാതിരിക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യവും സത്യം പുറത്തുവരും എന്ന
വിശ്വാസവും, എന്നെ സ്നേഹിക്കുന്നവർ നൽകിയ അകമഴിഞ്ഞ പിന്തുണയും വീഴാതെ മുന്നോട്ടു പോകുവാൻ എനിക്ക് കരുത്തായി.എന്തൊക്കെ പ്രചരണങ്ങൾ ആയിരുന്നു, തെറിവിളികൾ, ഭീഷണികൾ, മോശക്കാരനായി ചിത്രീകരിക്കാനുള്ള മത്സരിച്ചുള്ള ശ്രമങ്ങൾ അങ്ങിനെ എന്തല്ലാം. എൻറെ ജോലി കളഞ്ഞു എന്നും ഞാൻ ഇവിടെ സൗദി ജയിലിൽ ആണെന്നും പറഞ്ഞ് പ്രചരിപ്പിച്ച് ചിലർ സ്വയം കോൾമയിർ കൊണ്ടു. ജോലി പോയി അല്ലേ എന്ന് പറഞ്ഞു പരിഹസിക്കുന്നവരെ കണ്ടു. പ്രാദേശിക ഗ്രൂപ്പുകളിൽ എന്നെ പച്ചയ്ക്ക് കൊത്തിവലിച്ചു. എല്ലാത്തിനും ഒടുവിൽ ഇതാ സത്യം പുറത്തു വന്നിരിക്കുന്നു.
അഫ്സൽ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ് എനിക്കുവേണ്ടി പ്രതിരോധം തീർത്തവരുണ്ട്. കൂടെയുണ്ട് സഖാവേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവരുണ്ട്. ജോലി പോയി എന്ന് കേൾക്കുന്നു സത്യമാണെങ്കിൽ പുതിയ ജോലി എൻറെ കമ്പനിയിൽ നാളെ തന്നെ തരാം എന്ന് പറഞ്ഞവരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞുവരുണ്ട്.
ലീഗുകാർക്ക് വിരൽ ചൂണ്ടാൻ പോലും എന്നെ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് മുഴുവൻ സമയവും കൂടെ നിന്നവരുണ്ട്. തളരാതെ മുന്നോട്ടുപോകണമെന്നും എന്ത് ആവശ്യത്തിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്റെ നവോദയയുണ്ട്. നിയമ നടപടികൾക്കും മറ്റും കൂടെ നിന്ന് നാട്ടിലെ പാർട്ടിയുണ്ട്. നാട്ടിൽ നിന്നും ഇങ്ങോട്ട് വിളിച്ചു പിന്തുണ നൽകിയ നേതാക്കളുണ്ട്. മുന്നേ പറഞ്ഞത് പോലെ ഇതൊരു താൽക്കാലിക പ്രതിസന്ധിയായിരുന്നു, കൂടെ നിന്ന അറിയുന്നവരും അറിയപ്പെടാത്തതുമായ മുഴുവൻ മനുഷ്യർക്കും നന്ദി അറിയിക്കുന്നു.
കേസുമായി മുന്നോട്ടു പോകും, ഞാനിവിടെ നിന്ന് Mail വഴിയും അനിയനും പാർട്ടിയും നാട്ടിൽ നേരിട്ടും പരാതി നൽകിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഈ കേസിൽ നിന്ന് ഒരു ഇഞ്ച് പിന്നോട്ട് പോകില്ല. എത്രയും പെട്ടെന്ന് തന്നെ ഇവർക്കെതിരെ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യും.
ഒരിക്കൽ കൂടി ആവർത്തിക്കുന്നു “നിങ്ങൾക്ക് മുന്നിൽ അഫ്സൽ പാണക്കാട് തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല”വിശ്വസിച്ച പാർട്ടിയോടും ചേർത്തുപിടിച്ച മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു.നന്ദി.
Content Highlight: Afsal Panakad’s Fb post against Abdu Rabb Allegations