
കൊച്ചി: ആഫ്രിക്കന്‍ ഒച്ച് ഭക്ഷ്യയോഗ്യമല്ലെന്ന അഭിപ്രായവുമായി കേരള വന ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.വി സജീവ്. കാര്‍ഷിക വിളകള്‍ക്കും മനുഷ്യ വാസത്തിനും തീര്‍ത്തും ഉപദ്രവകാരിയാണ് ആഫ്രിക്കന്‍ ഒച്ചുകളെന്നും ഏഷ്യ-പസഫിക് ഫോറസ്റ്റ് ഇന്‍വെസിവ് സ്പീഷിസ് നെറ്റ്‌വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ടി.വി സജീവ് പറഞ്ഞു.
ഇതിന്റെ ശരീരത്തിലുള്ള ആന്‍ജിയോസ്‌ട്രോങ്ങിലസ് കാന്റനെന്‍സിസ് എന്ന ശാസ്ത്രനാമത്തിലുള്ള വിര മസ്തിഷ്‌ക ചര്‍മവീക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാമെന്നും, അതുകൊണ്ട് ഇതിനെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതു പോലും ശ്രദ്ധിക്കണമെന്നിരിക്കെയാണ് ഇതിനെ തിന്നാമെന്ന് പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം തടയുന്നതിനായി പലവിധ പ്രവര്‍ത്തനങ്ങളാണ് കെ.എഫ്.ആര്‍.ഐ. നടത്തുന്നത്. കുടുംബശ്രീയും ആശാ വര്‍ക്കര്‍മാരുമായി വലിയൊരു സന്നാഹം തന്നെ ആഫ്രിക്കന്‍ ഒച്ചിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ഡോ. സജീവ് പറഞ്ഞു.
ഇതിനിടെ ആഫ്രിക്കന്‍ ഒച്ച് ഭക്ഷണ യോഗ്യമാണോ എന്ന പഠനം നടക്കുന്നതേ ഉള്ളൂവെന്ന് എറണാകുളം കൃഷിവിജ്ഞാന്‍ കേന്ദ്ര മേധാവി സിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു. ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷിക്കാമെന്നും സംസ്‌കരിച്ച് കയറ്റി അയക്കാമെന്നുമുള്ള നിരീക്ഷണങ്ങളോടും വാര്‍ത്തകളോടും പ്രതികരിക്കുകയായിരുന്നു കൃഷി വിജ്ഞാന കേന്ദ്രം മേധാവി. പല അഭിപ്രായങ്ങളില്‍ ഒന്നുമാത്രമാണ് ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷ്യയോഗ്യമാക്കാം എന്നുള്ളത്. ഇതില്‍ തുടര്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എഫ്.ഡി.സി. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഗുണനാണ് ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷണമാക്കാം എന്ന നിര്‍ദ്ദേശം വച്ചത്. 1980കളില്‍ സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആഫ്രിക്കന്‍ ഒച്ച് ഭക്ഷ്യയോഗ്യമാണോ എന്ന് പഠിച്ചിരുന്നു. കൂടിയ ചൂടില്‍ അണുക്കളെ കൊന്നൊടുക്കാവുന്ന രീതിയില്‍ പാകം ചെയ്തു കഴിഞ്ഞാല്‍ ആഫ്രിക്കന്‍ ഒച്ചുകളെയും ഭക്ഷിക്കാം എന്നാണ് ആ പഠനത്തില്‍ കണ്ടെത്തിയത്.
ഇതിനായി നടത്തിയ സെമിനാറില്‍, കുഫോസില്‍ നിന്നെത്തിയ സംഘം ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ട് ഉണ്ടാക്കിയ ജൈവ വളവും താറാവിനുള്ള തീറ്റയുടെ സാമ്പിളുകളും കൊണ്ടുവന്നിരുന്നു.

ആഫ്രിക്കന്‍ അതിഥി എത്തിയത് ഇങ്ങനെ
അധിനിവേശകാരികളായ കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി പാലക്കാട് സ്വദേശിയാണ് ആദ്യമായി ഇവയെ കേരളത്തിലത്തെിച്ചതെന്ന് അധിനിവേശ ജീവികള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് രൂപവല്‍ക്കരിച്ച ഏഷ്യാ പസഫിക് ഫോറസ്റ്റ് ഇന്‍വെസിവ് സ്പീഷിസ് നെറ്റ്‌വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി സജീവ് വിശദീകരിക്കുന്നു. അണ്ണാമലൈ സര്‍വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ചെയ്ത പാലക്കാട് സ്വദേശി പക്ഷേ, പിതാവിന്റെ മരണവും മറ്റും കാരണമായി ഗവേഷണം പാതിവഴിയില്‍ നിര്‍ത്തി. അങ്ങനെയാണ് ആഫ്രിക്കന്‍ ഒച്ചിനെ കേരളത്തില്‍ ആദ്യം കാണുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ ഇവ പെരുകാന്‍ കാരണം വിദേശത്തുനിന്ന് എത്തുന്ന മരത്തടികളാണ്. കേരളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുകയും മരം കിട്ടാതാവുകയും ചെയ്തതോടെ വന്‍തോതില്‍ വിദേശ മരത്തടികള്‍ ഇറക്കുമതി ചെയ്തുതുടങ്ങി. മ്യാന്മര്‍, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം കപ്പലുകണക്കിന് മരത്തടികളും ഉരുപ്പടികളും കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന വെലിങ്ടണ്‍ ഐലന്‍ഡിലത്തെി. ഇവയിലേറിയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കേരളത്തിലത്തെിയത്. സമീപവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളെ ഏറ്റവുമധികം കാണപ്പെട്ടതും വെലിങ്ടണ്‍ ഐലന്‍ഡിലാണ്.
ഇപ്പോള്‍ കേരളത്തില്‍ 136 കേന്ദ്രങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടുവരുന്നുണ്ട്. വെലിങ്ടണ്‍ ഐലന്‍ഡിലും തിരുവനന്തപുരം ചാലയിലും ഇവയുടെ ശല്യംകാരണം ജനം വീടൊഴിഞ്ഞുപോകേണ്ട അവസ്ഥയുമുണ്ടായി. വീടുകള്‍ക്കുള്ളിലേക്ക് ഇവ കടന്നുവരുന്നതിന് കാരണം ചുമരുകളില്‍ വെള്ളപൂശിയിരിക്കുന്നതിലെ കുമ്മായക്കൂട്ടാണ്. ഇവയെ ഭക്ഷിക്കുന്നതുപോയിട്ട് കൈകൊണ്ട് തൊടുന്നതുപോലും അപകടകരമാണെന്നാണ് വനം ശാസ്ത്രജ്ഞരുടെ പക്ഷം.
