മനസ് കീഴടക്കി ടുണീഷ്യ; നിലവിലെ ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചു
Football
മനസ് കീഴടക്കി ടുണീഷ്യ; നിലവിലെ ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 10:31 pm

നിലവിലെ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിലെ അവസാന മത്സരത്തില്‍ അട്ടിമറിച്ച് ആഫ്രിക്കന്‍ വമ്പന്‍മാരായ ടുണീഷ്യ. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച ടുണീഷ്യ 58ാം മിനിട്ടിലാണ് ഫ്രാന്‍സിന്റെ വലകുലുക്കിയത്.

അവസാന നിമിഷം ഗ്രീസ്മാനിലൂടെ ഗോള്‍ മടക്കിയെങ്കിലും, വാര്‍ ചെക്കിലൂടെ ഓഫ് സൈഡ് വിധിച്ചതോടെ അന്തിമ വിജയം ടുണീഷ്യക്കൊപ്പം നിന്നു.

58ാം മിനിട്ടില്‍ വാഹ്ബി ഖാസ്രിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കെ ടുണീഷ്യക്കെതിരെ പ്രമുഖരില്ലാതെയാണ് കോച്ച് ദിദിയര്‍ ദെഷാംപ്സ് തങ്ങളുടെ ആദ്യ ഇലവനെ ഗ്രൗണ്ടിലിറക്കിയിരുന്നത്. ടുണീഷ്യ 3-4-2-1 ഫോര്‍മാറ്റിലും ഫ്രാന്‍സ് 4-3-3 ഫോര്‍മാറ്റിലുമാണ് കളിച്ചിരുന്നത്.

ഡെന്മാര്‍ക്കിനെതിരെ കളിച്ചിരുന്ന കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെമ്പലെ, ഗ്രീസ്മാന്‍, ജിറൂദ്, തുടങ്ങിയവരില്ലാതെയാണ് ഫ്രഞ്ച് പട കളത്തിലിറങ്ങിയത്.

എന്നാല്‍ ഗോള്‍ വഴങ്ങിയതിന് ശേഷം ഗ്രീസ്മാനെയും എംബാപ്പെയെയും ഡെമ്പലെയെയും ഫ്രാന്‍സ് കളത്തിലിറക്കി. ഇതിന് ശേഷം ഫ്രാന്‍സിന്റെ മുന്നേറ്റനിര ആക്രമിച്ച് കളിച്ചെങ്കിലും ടുണീഷ്യന്‍ പ്രതിരോധനിരക്കുമുന്നില്‍ പരാജയപ്പെട്ടു.

മത്സരത്തിന്റെ ആദ്യ പകുതിയിലും ഫ്രാന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ടുണീഷ്യ കാഴ്ചവെച്ചത്. മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ ഫ്രീകിക്കില്‍ നിന്ന് ടുണീഷ്യന്‍ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയിരുന്നു. എന്നാല്‍ ഓഫ്സൈഡായതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല.

Content Highlight: African giants Tunisia upset reigning world champions France in final match of World Cup knockout stage