തിരുവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പേടിയാണെന്നും തങ്ങള്‍ക്ക് അവിടെ കോണ്‍വെന്റില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. അറസ്റ്റിലായ കന്യസ്ത്രീകളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ദുര്‍ഗിലെ കോടതി പരിഗണിക്കവേ വിധി എന്താകുമെന്ന് അറിയാന്‍ തിരുവസ്ത്രത്തിന് പകരം സാധാരണ വേഷം ധരിച്ചായിരുന്നു സിസ്റ്റര്‍ അന്‍സിലി ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ളവര്‍ കോടതി പരിസരത്ത് എത്തിയത്.
എന്തുകൊണ്ടാണ് സാധാരണ വസ്ത്രത്തില്‍ എത്തിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പേടി കൊണ്ട്’ എന്നായിരുന്നു അവരുടെ മറുപടി. സിസ്റ്റര്‍ പ്രീതിയെയും സിസ്റ്റര്‍ വന്ദനയെയും കേസില്‍ കുടുക്കിയതാണെന്നും അവരെ അന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒരുപാട് ഉപദ്രവിച്ചെന്നും സിസ്റ്റര്‍ അന്‍സിലി പറഞ്ഞു. അവരില്‍ ഒരാള്‍ ബാഗിലെ ബൈബിളുകള്‍ പുറത്തെടുത്ത് വലിച്ചെറിഞ്ഞെന്നും കഴുത്തിന് പിടിച്ച് തള്ളിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആദ്യം കൃത്യമായ മൊഴിയാണ് നല്‍കിയത്. അച്ഛനമ്മമാരുടെ അനുവാദത്തോടെയാണ് ജോലിക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അടിയും ഇടിയും തുടങ്ങിയതും പേടി കാരണം സ്വന്തം ഇഷ്ടപ്രകാരമല്ല വന്നതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. വെള്ളിയാഴ്ച പകല്‍ 3:30 വരെ പൊലീസ് കുഴപ്പമില്ലെന്നാണ് പറഞ്ഞിരുന്നത്. ആ പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്ന് മനസിലായെന്നും പൊലീസുകാര്‍ സമ്മതിച്ചിരുന്നു,’ സിസ്റ്റര്‍ അന്‍സിലി പറഞ്ഞു.
എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ നിലപാട് മാറ്റിയെന്നും അത് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണോ അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വലിയ കേസാണെന്നും 10 കൊല്ലം വരെ ശിക്ഷ കിട്ടുമെന്നും മറ്റും പറഞ്ഞാണ് അവരെ ജയിലില്‍ കൊണ്ടുപോയതെന്നും സിസ്റ്റര്‍ അന്‍സിലി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ബുധനാഴ്ച ഛത്തീസ്ഗഡിലെ ഒരു സെഷന്‍സ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ നിരസിച്ചു. പകരം ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ ദേശീയ അന്വേഷണ ഏജന്‍സി നിയുക്ത ബെഞ്ചിനെ സമീപിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
Content Highlight: Afraid to go out wearing holy clothes, wear ordinary clothes after 2 nuns arrested in Chhattisgrah