ഏഷ്യാ കപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ സൂപ്പര്‍ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ബംഗ്ലാദേശിന് ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്. സൂപ്പര്‍ ഫോറിലേക്ക് എത്താന്‍ ഏഷ്യയിലെ ‘മികച്ച ടീമിന്’ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ ഒരു വിജയം നേടിയാണ് കടുവകള്‍ ഈ പോരിനിറങ്ങുന്നത്. ആദ്യം മത്സരത്തില്‍ ഹോങ് കോങ്ങിനോട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയോട് തോല്‍ക്കുകയായിരുന്നു. ടീമിന് പ്രതീക്ഷ നിലനിര്‍ത്താന്‍ മികച്ചൊരു വിജയം തന്നെ അനിവാര്യമാണ്.
അതേസമയം, തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്ന അഫ്ഗാന് ഒന്നാം മത്സരത്തിലെ വിജയം നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. ഒന്നാം മത്സരത്തില്‍ ഹോങ് കോങ്ങിനെ 94 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ അഫ്ഗാന് നായകന്‍ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20 ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരമാണ് റാഷിദിന് മുമ്പിലുള്ളത്. ഇതിനാകട്ടെ വേണ്ടത് രണ്ട് വിക്കറ്റുകള്‍ മാത്രം. ഏഷ്യാ കപ്പില്‍ താരത്തിന് ഇപ്പോള്‍ 12 വിക്കറ്റുകളുണ്ട്.
നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ്. ടൂര്‍ണമെന്റില്‍ 13 വിക്കറ്റുകള്‍ നേടിയാണ് താരം ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്.
ടി – 20 ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – ടീം- മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 6 – 13
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 9 – 12
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 8 – 12
അംജദ് ജാവേദ് – യു.എ.ഇ – 7 -12
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 10 – 12
അതേസമയം, ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബി യില്‍ സൂപ്പര്‍ ഫോറിലെ സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ്. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഹോങ് കോങ്ങ് മാത്രമാണ് പുറത്തായിട്ടുള്ളത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിന്റെ ഫലം ഇതില്‍ ഏറെ നിര്‍ണായകമാവും.
അതേസമയം, നിലവില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ മാത്രമാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് എത്തിയത്.
Content Highlight: Afghansitan’s Rashid Khan need 2 more wickets to overtake Bhuvaneshwar Kumar in most wicket in Asia Cup T20