കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ 90 ശതമാനവും താലിബാന്റെ ഭാഗത്ത് നിന്ന്; നാഷനല്‍ ജേണലിസ്റ്റ് യൂണിയന്‍ റിപ്പോര്‍ട്ട്
World News
കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ 90 ശതമാനവും താലിബാന്റെ ഭാഗത്ത് നിന്ന്; നാഷനല്‍ ജേണലിസ്റ്റ് യൂണിയന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th October 2021, 12:58 pm

കാബൂള്‍: കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളും ഭീഷണികളുമായി റിപ്പോര്‍ട്ട് ചെയ്തത് 30ഓളം സംഭവങ്ങള്‍. ഇതില്‍ 90 ശതമാനത്തിലധികവും താലിബാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങള്‍ വഴിയായിരുന്നെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു.

30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സാധിക്കാത്തത്. ബാക്കിയുള്ളവയെല്ലാം താലിബാന്റെ ഭാഗത്ത് നിന്നുമാണ്.

അഫ്ഗാനിസ്ഥാന്‍ നാഷനല്‍ ജേണലിസ്റ്റ് യൂണിയനില്‍ (എ.എന്‍.ജെ.യു) റെക്കോര്‍ഡ് ചെയ്ത കേസുകളില്‍ 40 ശതമാനത്തിലധികവും മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടതിന്റേതാണ്. 40 ശതമാനത്തോളം മറ്റ് അക്രമഭീഷണികളുമാണ്.

എ.എന്‍.ജെ.യു തലവന്‍ മസൊറൊ ലുട്ഫിയാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടന്ന അക്രമസംഭവങ്ങളിലധികവും കാബൂളിന് പുറത്തുള്ള മറ്റ് പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. കാബൂളില്‍ ഇത്തരത്തിലുള്ള ആറ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും ജയിലിലടച്ചതുമായ സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.

തങ്ങളുടേത് ഉത്തരവാദിത്തമുള്ള ഭരണകൂടമാണെന്നും ഇതിന് കീഴില്‍ എല്ലാവര്‍ക്കും സുരക്ഷയുണ്ടാകുമെന്നും ലോകത്തെ വിശ്വസിപ്പിക്കാന്‍ താലിബാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്താനും ബന്ധങ്ങള്‍ സ്ഥാപിക്കാനും തയാറെടുക്കുകയും ചെയ്യുന്ന സമയത്താണ് അഫ്ഗാനിലെ മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളെക്കുറിച്ച് അറിയാമെന്നും ഇതില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും താലിബാന്‍ വക്താവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സബിഹുള്ള മുജാഹിദ് അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു.

ആഗസ്റ്റില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് ശേഷം മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് നിയമങ്ങള്‍ പിന്തുടരണമെന്നാണ് താലിബാന്‍ മാധ്യമങ്ങലോട് പറയുന്നത്.

രാജ്യത്ത് മാധ്യമങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പുതിയ ബില്‍ തയാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എ.എന്‍.ജെ.യു തലവന്‍ മസൊറൊ ലുട്ഫി പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. 2001 മുതല്‍ 53 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതില്‍ 33 മരണവും 2018ന് ശേഷമാണ്.

ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി റിപ്പോര്‍ട്ടിങ്ങിനിടെ അഫ്ഗാനില്‍ വെച്ച് കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Afghanistan National Journalists Union says 90 percent of violence against journalists were committed by Taliban