റെക്കോഡ് നേട്ടത്തിന് ഒരു മര്യാദ വേണ്ടേടേയ്; സച്ചിന്റെയും ഗംഭീറിന്റെയും റെക്കോഡ് ഒരുമിച്ച് തകര്‍ത്ത് അഫ്ഗാന്റെ കൊച്ചുപയ്യന്‍
Sports News
റെക്കോഡ് നേട്ടത്തിന് ഒരു മര്യാദ വേണ്ടേടേയ്; സച്ചിന്റെയും ഗംഭീറിന്റെയും റെക്കോഡ് ഒരുമിച്ച് തകര്‍ത്ത് അഫ്ഗാന്റെ കൊച്ചുപയ്യന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 1:31 pm

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഓരോ മത്സരം വീതം വിജയിച്ച് സമനിലയിലാണ് സീരീസ് അവസാനിച്ചത്.

ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ വിജയിക്കുകയും രണ്ടാം മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ ശ്രീലങ്കയെ സംബന്ധിച്ച് മൂന്നാം മത്സരം നിര്‍ണായകമായി മാറുകയായിരുന്നു. പരമ്പര സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സിംഹളര്‍ തോല്‍വി ഒഴിവാക്കാന്‍ മാത്രമായിരുന്നു ശ്രമിച്ചത്.

മൂന്നാം മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 314 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക മറികടക്കുകയായിരുന്നു. നാല് വിക്കറ്റും രണ്ട് പന്തും ബാക്കിയിരിക്കവെയാണ് ലങ്കയുടെ വിജയം.

മത്സരത്തില്‍ വിജയിച്ചത് ശ്രീലങ്കയാണെങ്കിലും സ്‌പോട്‌ലൈറ്റ് കൊണ്ടുപോയത് അഫ്ഗാനിസ്ഥാന്റെ യുവതാരമായ ഇബ്രാഹീം സദ്രാനാണ്. 138 പന്തില്‍ നിന്നും 162 റണ്‍സ് നേടിയ സദ്രാനാണ് അഫ്ഗാന്‍ ഇന്നിങ്‌സില്‍ കരുത്തായത്.

ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒരു വമ്പന്‍ റെക്കോഡും സദ്രാന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഗൗതം ഗംഭീറിനെയും മറികടന്നുകൊണ്ടാണ് ഈ 20കാരന്‍ ചരിത്രത്തില്‍ ഇടം നേടിയത്.

ഏകദിന ഫോര്‍മാറ്റില്‍ ശ്രീലങ്കയില്‍ ശ്രീലങ്കക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് സദ്രാന്‍ സ്വന്തമാക്കിയത്. നേരത്തെ 138 റണ്‍സ് നേടിയ സൂപ്പര്‍ താരം സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോഡ് ഉണ്ടായിരുന്നത്. ശേഷം 150 റണ്‍സുമായി ഗംഭീര്‍ ഈ റെക്കോഡ് തന്റെ പേരിലാക്കുകയായിരുന്നു.

ഈ റെക്കോഡാണ് ഇബ്രാഹീം സദ്രാന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

അതേസമയം, മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചിരുന്നു. സദ്രാന്റെ ഇന്നിങ്‌സിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ ശ്രീലങ്കയും ഇറങ്ങിയപ്പോള്‍ പല്ലേകെലേയില്‍ തീ പാറി.

ഓപ്പണര്‍മാരായിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. പാതും നിസങ്കയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് അടിത്തറയിട്ട സ്‌കോറില്‍ ചരിത് അസങ്കയും ക്യാപ്റ്റന്‍ ദാസുന്‍ ഷണകയും ദിനേഷ് ചണ്ഡിമലും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി.

ആദ്യ വിക്കറ്റില്‍ 101 റണ്‍സാണ് ഓപ്പണര്‍മാര്‍ ചേര്‍ത്തത്. നിസങ്ക 35 റണ്‍സ് നേടി പുറത്തായപ്പോള്‍ മെന്‍ഡിസ് 67 റണ്‍സ് നേടി കൂടാരം കയറി.

ചണ്ഡിമല്‍ 33 റണ്‍സ് നേടി പുറത്തായപ്പോള്‍ അഞ്ചാമനായെത്തിയ അസങ്ക കളിയുടെ ഗതി തന്നെ തിരിച്ചുവിട്ടു. 72 പന്തില്‍ നിന്നും പുറത്താകാതെ 83 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ 43 റണ്‍സും ലങ്കന്‍ വിജയത്തിന് ആക്കം കൂട്ടി.

ലങ്കയെ വിജയത്തിലേക്കെത്തിച്ച അസലങ്കയാണ് കളിയിലെ താരം. പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും സെഞ്ച്വറി തികച്ച സദ്രാന്‍ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ 120 പന്തില്‍ നിന്നും 106 റണ്‍സ് നേടിയ സദ്രാന്‍ അവസാന മത്സരത്തില്‍ 162 റണ്‍സ് നേടിയാണ് പുറത്തായത്.

Content Highlight: Afghan star Ibrahim Zadran surpasses Sachin Tendulkar and Gautam Gambhir