വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഇടപെടലിനെ കുറിച്ച് സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നാണ് അഫ്ഗാന്‍-പാക് സംഘര്‍ഷമെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.
എട്ട് യുദ്ധങ്ങള്‍ പരിഹരിച്ച തന്റെ ഒമ്പതാമത്തെ ശ്രമമായിരിക്കും ഇതെന്നും ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇതിനോടകം താന്‍ രക്ഷിച്ചതെന്നും ട്രംപ് പറഞ്ഞു. ഇത്രയേറെ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
‘ഇതുവരെ യു.എസില്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന ഒരാളും യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഒരു യുദ്ധം പോലും അവസാനിപ്പിച്ചിട്ടില്ല. ബുഷ് യുദ്ധം ആരംഭിക്കുകയാണ് ചെയ്തത്. പക്ഷെ, ഞാന്‍ ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചു.
ഉദാഹരണമായി ഇന്ത്യയും പാകിസ്ഥാനും തന്നെ. അത് വളരെ മോശമായ ഒരു യുദ്ധമായി മാറിയേനെ, പക്ഷെ പാകിസ്ഥാന്‍ ആക്രമിക്കപ്പെടുകയാണെന്ന് ഞാന്‍ മനസിലാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനും.
ഞാന്‍ പരിഹരിക്കാന്‍ മനസുവെക്കുകയാണെങ്കില്‍, എന്നെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ പറ്റുന്ന ഒന്നാണിത്. അതെന്തുകൊണ്ടാണെന്ന് അറിയാമോ? എനിക്ക് ആളുകള്‍ കൊല്ലപ്പെടുന്നത് തടയുന്നത് ഇഷ്ടമാണ്. അതുകൊണ്ടാണ് മില്യണ്‍ കണക്കിന് ജീവനുകള്‍ ഞാന്‍ രക്ഷിച്ചത്’, ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്. 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുവിഭാഗവും സമ്മതമറിയിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും ആക്രമണമുണ്ടായി.
വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ 10 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രദേശിക ക്രിക്കറ്റര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പക്തിക പ്രവിശ്യയിലെ ഉര്‍ഗുന്‍ ജില്ലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അതേസമയം, അഫ്ഗാന്‍ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്നാണ് താലിബാന്‍ ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ചയില്‍ പാകിസ്ഥാന്‍ കാബൂളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. പിന്നാലെ അതിര്‍ത്തിയില്‍ അഫ്ഗാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 25 പാക് സൈനികര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിരിച്ചടിയില്‍ 200ഓളം താലിബാന്‍ സൈനികരെ കൊലപ്പെടുത്തിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. പോരാട്ടം കനക്കുന്നതിനിടെ സൗദിയും ഖത്തറും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇരുകൂട്ടരോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: ‘Afghan-Pakistan conflict can be easily resolved’; The ninth war is ending: Trump