ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ഖാന്‍ മുത്താഖി ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം വിവാദത്തില്‍. അഫ്ഗാനിസ്ഥാന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മുത്താഖി വെള്ളിയാഴ്ച ദല്‍ഹിയില്‍ വെച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ദി ഇന്‍ഡിപെന്റന്റ്, എന്‍.ഡി.ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ വനിതാ റിപ്പോര്‍ട്ടര്‍മാരെ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാന്റെ വിവേചനപരമായ നയങ്ങള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണ് ഈ നീക്കമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനുതാഴെ തലസ്ഥാന നഗരിയില്‍ അഫ്ഗാന്‍ മന്ത്രി മുത്താഖി നടത്തിയ പത്രസമ്മേളനം നടത്തുകയും മനപൂര്‍വം വനിതാപത്രവര്‍ത്തകരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഇതെങ്ങനെ അംഗീകരിക്കാനാകും. ക്രൂരമായ അവഗണനക്ക് ആരാണ് അംഗീകാരം നല്‍കിയതെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ നയനിമ ബസു വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
സ്ത്രീകള്‍ക്ക് എതിരായ വെറുപ്പുളവാക്കുന്ന വിവേചനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. ഇത് പരിഹാസ്യമാണെന്ന് ദി ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ പറഞ്ഞു.



