അഫ്ഗാനില്‍ തീവ്രവാദം അനുവദിക്കില്ല, സമാധാനത്തിനായി പാകിസ്ഥാന്‍ ഞങ്ങളുടെ പാത പിന്തുടരണം: താലിബാന്‍ മന്ത്രി
World News
അഫ്ഗാനില്‍ തീവ്രവാദം അനുവദിക്കില്ല, സമാധാനത്തിനായി പാകിസ്ഥാന്‍ ഞങ്ങളുടെ പാത പിന്തുടരണം: താലിബാന്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 7:45 am

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഒരു കാരണവശാലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃത്താണെന്നും ഇന്ത്യയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുത്താഖി ഇക്കാര്യം പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ഒരു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നില്ലെന്നും, നാല് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചുവെന്നും മുത്താഖി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കണമെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ ഏറെക്കാലമായി അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള എല്ലാ ഭീകര സംഘടനകളെയും താലിബാന്‍ തുടച്ചുനീക്കി. പാകിസ്ഥാനും സമാധാനത്തിന്റെ പാത പിന്തുടരണം.’ മുത്താഖി പറഞ്ഞു.

‘ഒറ്റ ഭീകരര്‍ പോലും അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴില്ല. അവരുടെ അധീനതയില്‍ ഒരിഞ്ച് ഭൂമി പോലുമില്ല. 2021ലെ ഞങ്ങളുടെ നടപടിക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും മാറിയിരുന്നു. സമാധാനത്തിനായി അഫ്ഗാനിസ്ഥാന്‍ ചെയ്തതുപോലെ മറ്റ് രാജ്യങ്ങളും ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണം’ മുത്താഖി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും നേരിടുന്നത് അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാനെ ലക്ഷ്യം വെച്ചായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.

നേരത്തെ ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മുത്താഖിയുടെ നിലപാടിനെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അഭിനന്ദിച്ചിരുന്നു.

കാബൂളിലെ സാങ്കേതിക ദൗത്യത്തെ എംബസി പദവിയിലേക്ക് ഉയര്‍ത്തുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

‘കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യത്തെ ഇന്ത്യന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ സന്തോഷമുണ്ട്. അഫ്ഗാന്‍ ജനതയോടും അവരുടെ ഭാവിയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം,’ ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ അഫ്ഗാന്‍ ആശുപത്രികള്‍ക്ക് എം.ആര്‍.ഐ, സി.ടി സ്‌കാന്‍ മെഷീനുകള്‍ നല്‍കുകയും രോഗപ്രതിരോധത്തിനും കാന്‍സര്‍ മരുന്നുകള്‍ക്കുമുള്ള വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ അഫ്ഗാനിസ്ഥാനെ സഹായിച്ച ഇന്ത്യയെ അടുത്ത സുഹൃത്തെന്നാണ് മുത്താഖി വിശേഷിപ്പിച്ചത്. തന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Afghan Foreign Minister Amir Khan Muttaqi said that terrorist activities will not be allowed in Afghanistan under any circumstances.