സൗദിയുടെ പുതിയ കായിക സഹമന്ത്രിയായി അദ്‌വ അല്‍ ആരിഫി
World News
സൗദിയുടെ പുതിയ കായിക സഹമന്ത്രിയായി അദ്‌വ അല്‍ ആരിഫി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 10:12 pm

റിയാദ്: അദ്‌വ അല്‍ ആരിഫിയെ സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി നിയമിച്ചു. കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലാണ് അദ്‌വ അല്‍ ആരിഫിയെ സഹമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നിമയമനം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അദ്‌വ അല്‍ ആരിഫി കായിക മന്ത്രിക്ക് നന്ദി അറിയിച്ചു.

സൗദി ഒളിമ്പിക്‌സ് കൗണ്‍സില്‍, ഫുട്ബാള്‍ ഫെഡറേഷന്‍ എന്നിവയിലെ അംഗവും കായിക മന്ത്രാലയത്തിലെ ആസൂത്രണ വികസന അണ്ടര്‍ സെക്രട്ടറിയുമാണ് അദ്‌വ അല്‍ ആരിഫി.

2011ല്‍ റിയാദിലെ അല്‍-യമാമ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ ഇവര്‍ രാജ്യത്തിലെ വനിതാ കായിക വികസനത്തില്‍ വലിയ ഇടപെടല്‍ നടത്തിയ വ്യക്തിയാണ്.

അല്‍ ആരിഫി 2019ലാണ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തില്‍ നിക്ഷേപ ഡയറക്ടറായി ചേരുന്നത്. തുടര്‍ന്ന് സൗദി ഒളിമ്പിക്സ് കമ്മിറ്റി ഒളിമ്പിക്സ് കൗണ്‍സില്‍ അംഗമായി ഇവരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു.

പിന്നാലെ സൗദി ഫുട്ബാള്‍ ഫെഡറേഷന്റെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ച അദ്‌വ പിന്നീട് കമ്മിറ്റിയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണവര്‍.

അതേസമയം, കായിക രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സൗദിക്ക് ഈയിടെ സാധിച്ചിരുന്നു. ഈ മാസം അവസാനിച്ച ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ച് സൗദി ശ്രദ്ധ നേടിയിരുന്നു.