'മാന്യമായി' വസ്ത്രം ധരിക്കുന്നവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്ന് അഡ്വ. ദീപ ജോസഫ്; മാന്യത തീരുമാനിക്കാന്‍ നിങ്ങളാരാണെന്ന് വി.കെ. സനോജ്
Kerala
'മാന്യമായി' വസ്ത്രം ധരിക്കുന്നവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്ന് അഡ്വ. ദീപ ജോസഫ്; മാന്യത തീരുമാനിക്കാന്‍ നിങ്ങളാരാണെന്ന് വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 11:17 am

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ സ്ത്രീകളെ അപമാനിച്ച് സുപ്രീം കോടതി അഭിഭാഷക അഡ്വ. ദീപ ജോസഫ്. 24 ന്യൂസിന്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് ദീപ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാദങ്ങള്‍ പറഞ്ഞത്.

പരാതി പറഞ്ഞ സ്ത്രീകള്‍ അല്‍പവസ്ത്രം ധരിക്കുന്നവരാണെന്ന ധ്വനിയുള്ള ദീപയുടെ വാദങ്ങളെ അവതാരകനായ ഹാഷ്മി ചോദ്യം ചെയ്തിരുന്നു. ഇതിനോടാണ് വളരെ മോശമായ രീതിയില്‍ ദീപ പ്രതികരിച്ചത്. മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്നായിരുന്നു ദീപയുടെ വാദം. താങ്കള്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ദീപയുടെ വാദത്തോട് അവതാരകന്‍ ഹാഷ്മി പ്രതികരിച്ചു.

പരാതിക്കാരായ സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവെടുക്കാന്‍ താങ്കളാരാണെന്നും വസ്ത്രത്തിലെ മാന്യതയും അമാന്യതയും ആരാണ് തീരുമാനിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ചോദിച്ചു. വിമര്‍ശനമുന്നയിച്ച വി.കെ. സനോജിന്റെ കുടുംബത്തെ ചര്‍ച്ചയിലേക്ക് വലിച്ചിഴച്ച ദീപ ഒടുവില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.

അത്യാവശ്യം വസ്ത്രം ഉപയോഗിച്ചും ‘മാന്യമായി’ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് ദീപ ജോസഫ് പറയുന്നത്. അതിന് പ്രതികരണമായി ഡ്രസിന്റെ അളവ് എടുക്കാന്‍ ഇവരാര് എന്ന് വി.കെ. സനോജ് തിരിച്ച് ചോദിച്ചു. നിങ്ങളാണാ നാട്ടില ആളുകളുടെ ഡ്രസിന്റെ അളവ് എടുക്കുന്നതെന്നും സനോജ് ചോദിച്ചു.

‘മാന്യമായിട്ട്’ ഡ്രസ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിനെ ആദ്യമായിട്ടാണ് കാണുന്നതെന്നും നിങ്ങളുടെ ഭാര്യയും അമ്മയും പെങ്ങളും ഇങ്ങനെയാണോ വസ്ത്രം ധരിക്കുന്നതെന്നുമാണ് അപ്പോള്‍ ദീപ പറയുന്നത്.

അതിന് നിങ്ങള്‍ ഏത് കാലത്ത് നിന്നാണ് സംസാരിക്കുന്നത് ഹാഷ്മി തിരിച്ച് ചോദ്യമുയര്‍ത്തുകയും വീട്ടുകാരെ വലിച്ചിഴക്കുന്നത് പഴയവാദമാണെന്ന് തിരിച്ച് പറയുകയും ചെയ്തു. മാന്യതയും അമാന്യതയും തീരുമാനിക്കാന്‍ നിങ്ങളാരാണെന്നാണ് ഏത് വസ്ത്രം ധരിക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകയാണോ തീരുമാനിക്കേണ്ടത് എന്നുമായിരുന്നു വി.കെ. സനോജ് അതിനോട് പ്രതികരിച്ചത്.

ഇവിടത്തെ പ്രശ്‌നം യുവനേതാവിനെതിരെ ആരോപണളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നതാണെന്നും ശബ്ദരേഖകള്‍ പുറത്തേക്ക് വരുന്നതാണെന്നും അപ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ ആ വ്യക്തികളെ പിന്നില്‍ നിന്നും കുത്തുകയാണെന്നും ഹാഷ്മി പറഞ്ഞു. ഓരോരുത്തരുടെയും വസ്ത്രസാതന്ത്ര്യം അവനവന് ഉള്ളതാണെന്നും അതിനെ വിമര്‍ശിക്കാന്‍ ദിപക്ക് അനുവാദമില്ലെന്നും ഹാഷ്മി പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതോ ഒരു സ്ത്രീയുമായി കൊച്ചിനെ ഉണ്ടാക്കിയതാണോ എന്നും ദീപ അധിക്ഷേപിച്ചു.

പരാതിക്കാര സ്ത്രീകളെ അധിക്ഷേപിച്ച ദീപക്ക് ഈ ചര്‍ച്ചയിലിരിക്കാന്‍ അവകാശമില്ലെന്ന് വി.കെ. സനോജ് പറഞ്ഞു, പിന്നാലെ ദീപ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

Content Highlight: Advocate Deepa Thomas insults women who filed complaints against Rahul Mamkoottathil