അഡ്വക്കേറ്റ് ബിജു ആന്റണി ആളൂർ അന്തരിച്ചു
Kerala News
അഡ്വക്കേറ്റ് ബിജു ആന്റണി ആളൂർ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th April 2025, 1:23 pm

തിരുവനന്തപുരം: ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിജു ആന്റണി ആളൂർ അന്തരിച്ചു.  വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബി.എ. ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബി.എ. ആളൂരായിരുന്നു.

രണ്ടു വര്‍ഷത്തിലധികമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ആളൂരിന്റെ അസുഖം കഴിഞ്ഞ ദിവസമാണ് മൂര്‍ച്ഛിച്ചത്.

കഴിഞ്ഞ ദിവസം ഇടവക പള്ളിയിലെ ഊട്ടുതിരുനാൾ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു.ആഘോഷത്തിനിടെ ശ്വാസ തടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായി. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ന് മരിച്ചു.

പൂനെയിലെയും എറണാംകുളത്തെയും വീടുകളിലായാണ് അദ്ദേഹം താമസിച്ചിരുന്നത്. പിതാവ് പരേതനായ അന്തോണി. മാതാവ് പരേതയായ റോസി. സഹോദരങ്ങൾ ജോയി, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്.

പുണെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. കേരളത്തില്‍ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായത് വന്‍ചര്‍ച്ചയായിരുന്നു.

 

Content Highlight: Advocate Aloor passes away