അമിത് ഷായുടെ ഫോട്ടോ വെച്ച് പരസ്യം; വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്
Kerala
അമിത് ഷായുടെ ഫോട്ടോ വെച്ച് പരസ്യം; വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 10:16 am

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അമിത പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വിശ്വദീപ്തി സൊസൈറ്റിയില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ച് കിട്ടിയില്ലെന്നാണ് പരാതി. തട്ടിപ്പിനിരയായവര്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.


12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. 2016 മുതലാണ് സ്ഥാപനം നിക്ഷേപകരില്‍ നിന്നും ഡെപ്പോസിറ്റ് തുകകള്‍ സ്വീകരിച്ചു തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോട്ടോ വെച്ച് പരസ്യവും ചെയ്തിരുന്നു.

ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു സൊസൈറ്റിയുടെ വാഗ്ദാനം. ഇത് അനുസരിച്ച് പലരും സ്ഥാപനത്തില്‍ നിക്ഷേപങ്ങള്‍ നടത്തി. സംസ്ഥാനത്ത് ഉടനീളം 460 കോടിയുടെ രൂപ നിക്ഷേപം സ്ഥാപനം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

പിന്നീട് കഴിഞ്ഞ ജനുവരി മുതല്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് പലര്‍ക്കും പലിശ മുടങ്ങി. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ സ്ഥാപനം അടിച്ചിട്ട നിലയിലായിരുന്നു. പണം കിട്ടാതായതോടെ കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ മധുസൂദനനുമായി ബന്ധപ്പെട്ടപ്പോള്‍ പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ആറ് മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്ഥാപന ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിനുള്ളതെന്നാണ് പരാതിക്കാരുടെ ആരോപണം. പണം ലഭിക്കാതെയായതോടെ കോഴിക്കോട് നിന്നുള്ള ചില നിക്ഷേപകര്‍ ഓംബുഡ്സ്മാന് പരാതി നല്‍കിയിരുന്നു. പതിനഞ്ച് ദിവസത്തിനകം പലിശ സഹിതം തുക തിരിച്ചുനല്‍കാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പണം കിട്ടിയില്ല.

അതോടെ സെന്‍ട്രല്‍ രജിസ്ട്രാറുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും നിക്ഷേപകര്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നാലെ, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് അടിയന്തരമായി ഇടപെടല്‍ ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ നൂറാളം പേര്‍ ചേര്‍ന്ന് പരാതി നല്‍കി.

വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ശക്തി പ്രകാശ് , ചെയര്‍മാന്‍ സജീഷ് മഞ്ചേരി, വൈസ് ചെയര്‍മാന്‍ രജീഷ് കെ.എം എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. തങ്ങളുടെ നികക്ഷേപങ്ങള്‍ തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Advertisement with Amit Shah’s photo; Investment scam worth crores by promising huge interest