നജ്മ തബ്ഷീറ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Kerala News
നജ്മ തബ്ഷീറ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ആദര്‍ശ് എം.കെ.
Saturday, 27th December 2025, 9:11 pm

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുന്‍ ഹരിത നേതാവ് അഡ്വ. നജ്മ തബ്ഷീറ. ആകെയുള്ള 17 സീറ്റുകളില്‍ 17 വിജയിച്ചാണ് യു.ഡി.എഫ് പെരിന്തല്‍മണ്ണയില്‍ ഭരണം പിടിച്ചത്. ശേഷിച്ച രണ്ട് സീറ്റും എല്‍.ഡി.എഫാണ് വിജയിച്ചത്.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വലമ്പൂര്‍ ഡിവിഷനില്‍ നിന്നുമാണ് നജ്മ തബ്ഷീറ വിജയിച്ചത്. എല്‍.ഡി.എ് സ്ഥാനാര്‍ത്ഥിയായ സി.പി.ഐ.എമ്മിന്റെ ഹേമയെയാണ് നജ്മ പരാജയപ്പെടുത്തിയത്. 2,612 വോട്ടിന്റെ ഭൂരിപക്ഷമാണ് നജ്മയ്ക്കുണ്ടായിരുന്നത്.

നജ്മ 6,730 വോട്ടുകള്‍ നേടിയപ്പോള്‍ 4,118 വോട്ടാണ് ഹേമയ്ക്ക് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. നീതുവിന് 895 വോട്ടും ലഭിച്ചു.

കുരുവമ്പലം, അങ്ങാടിപ്പുറം ഡിവിഷനുകളില്‍ മാത്രമാണ് പെരിന്തല്‍മണ്ണ ബ്ലോക്കില്‍ ഇടതിന് വിജയിക്കാന്‍ സാധിച്ചത്. കുരുവമ്പലത്ത് ബാവയെന്ന ബഷീറും അങ്ങാടിപ്പുറത്ത് ധന്യ തോട്ടത്തുമാണ് വിജയിച്ചത്.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന് പുറമെ പെരിന്തല്‍മണ്ണ നഗരസഭയിലും യു.ഡി.എഫ് അധികാരത്തിലെത്തി. ആകെയുള്ള 37 വാര്‍ഡുകളില്‍ 21 ഇടത്തും ഐക്യജനാധിപത്യ മുന്നണിയാണ് വിജയിച്ചത്. 16 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്.

1995ല്‍ രൂപീകൃതമായ ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പിലും പെരിന്തല്‍മണ്ണ നഗരസഭ ചെങ്കൊടിത്തണലിലായിരുന്നു. എന്നാല്‍ ഇത്തവണ കോട്ട പൊളിച്ച യു.ഡി.എഫ് നഗരസഭ പിടിച്ചെടുക്കുകയായിരുന്നു.

 

Content Highlight: Adv. Najma Tabsheera elected as Perinthalmanna Block Panchayat President

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.