തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് മായം ചേര്‍ത്ത പാല്‍; ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
Governance and corruption
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് മായം ചേര്‍ത്ത പാല്‍; ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 2:44 pm

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം മൂന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാലാണ് അതിര്‍ത്തികടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇതില്‍ ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചെത്തുന്ന പാല്‍ വണ്ടികളുടെ കണക്ക് പോലും സര്‍ക്കാരിന്റെ കയ്യിലില്ല.

വാളയാര്‍ മുതല്‍ ഗോവിന്ദാപുരം വരെ നീളുന്ന സംസ്ഥാന അതിര്‍ത്തിയില്‍ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ മാത്രമാണ് നിലവില്‍ ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പാല്‍ പരിശോധനാ സംവിധാനം ഉള്ളത്.

2017 ജൂണില്‍ ആരംഭിച്ച ചെക്ക് പോസ്റ്റില്‍ ഇതുവരെ പത്തോളം തവണയാണ് ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടിയിട്ടുള്ളത്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് 1200 ലിറ്റര്‍ പാലാണ് ക്ഷീര വികസന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലായിരുന്നു പരിശോധന സംഘം പിടികൂടിയത്. മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡുകള്‍ മറ്റ് പേരുകളില്‍ കവര്‍ പാല്‍ ആയും എത്തുന്നതും ക്ഷീരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഗുണമേന്മയുള്ള പാലില്‍ മൂന്ന് ശതമാനം കൊഴുപ്പ് വേണം. അതിനൊപ്പം പ്രോട്ടീന്‍, ലാക്ട്രോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഖരപദാര്‍ത്ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ഡയറികളില്‍ നിന്നും വരുന്ന പാലുകളില്‍ പലതിലും ഈ ഗുണനിലവാരം ഉണ്ടാകാറില്ല.

കൊഴുപ്പും കൊഴിപ്പിതര ഖരപദാര്‍ത്ഥങ്ങളുടെ അളവും പരിശോധിച്ച ശേഷമാണ് മീനാക്ഷിപുരത്തെ ചെക്‌പോസ്റ്റുകള്‍ വഴി പാല്‍ വണ്ടികളെ കടത്തി വിടുന്നതെന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ സാമ്പിള്‍ പാല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും ഭക്ഷ്യ സുരക്ഷാ വിഭാഗം തുടര്‍നടപടികള്‍ സ്വീകരിക്കാറാണ് പതിവെന്നും പാലക്കാട്ടെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ബ്രിന്‍സി മാണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”മീനാക്ഷിപുരത്താണ് പാല്‍ ടെസ്റ്റ് ചെയ്യുന്ന ചെക്ക് പോസ്റ്റും ലാബുമുള്ളത്. അതിര്‍ത്തി കടന്നുവരുന്ന പാലുകളില്‍ 70 ശതമാനം വണ്ടികളും മീനാക്ഷിപുരം വഴിയാണ് എത്തുന്നത്. വളരെ കുറച്ച് ടാങ്കറുകള്‍ മാത്രമാണ് വാളയാര്‍ വഴി പോകുന്നത്. വാളയാറില്‍ നിലവില്‍ ടെസ്റ്റിങ് സൗകര്യം ഇല്ല. 24 മണിക്കൂറില്‍ മൂന്ന് ഷിഫ്റ്റായിട്ടാണ് ടെസ്റ്റിങ് നടക്കുന്നത്. ഇതിന് ശേഷം ഗുണമേന്മയുള്ള പാലാണെങ്കില്‍ ok സര്‍ട്ടിഫിക്കറ്റ് കൊടുത്ത് വിടും.

പരിശോധനയില്‍ ഏതെങ്കിലും ഒരു ഫാക്ടറിലോ കംപോണന്റിലോ കുറവ് വരികയോ സബ്‌സ്റ്റാന്‍ഡേര്‍ഡ് കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയും അവര്‍ വന്ന് വീണ്ടും സാമ്പിളെടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോകുകയുമാണ് ചെയ്യാറ്. വണ്ടി പിടിച്ചെടുക്കുകയോ അല്ലെങ്കില്‍ വണ്ടി തിരിച്ചയക്കുകയോ ചെയ്യും – ബ്രിന്‍സി മാണി പറയുന്നു.

അതേസമയം മീനാക്ഷിപുരത്തെ ചെക്ക്‌പോസ്റ്റില്‍ കയറാതെ വേറെ ഏതെങ്കിലും വഴിയ്ക്ക് വണ്ടികള്‍ പോകുന്നുണ്ടോ എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ലെന്നുമാണ് ക്വാളിറ്റി വിഭാഗം പറയുന്നത്.

ഇത്തരത്തില്‍ ക്ഷീരവകുപ്പ് നിരോധിച്ച ഡയറികളില്‍ നിന്ന് തന്നെ 15 ഓളം വ്യാജ ബ്രാന്‍ഡുകളില്‍ നിന്നും കേരളത്തിലേക്ക് പാല്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഉണ്ടാക്കുന്ന പാല്‍ കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കാനും ഏജന്റുമാരുണ്ട്.

മീനാക്ഷിപുരത്തെ ചെക്‌പോസ്റ്റ് കഴിഞ്ഞ ശേഷമാണ് എക്‌സൈസിന്റെ ചെക്ക് പോസ്റ്റുള്ളത്. ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ എക്‌സൈസുകാര്‍ വണ്ടി കടത്തിവിടുള്ളൂ. ചെക്ക് ചെയ്യാതെ ഓടിച്ചുപോകുന്ന വണ്ടികളും ചെക്ക്‌പോസ്റ്റില്‍ നിന്ന് പിടിച്ച് തിരിച്ചുവിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ക്വാളിറ്റി ഡിപാര്‍ട്‌മെന്റ് പറയുന്നു.

സംസ്ഥാനത്തെ ക്ഷീര കര്‍ഷക സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് ലിറ്ററില്‍ 32 മുതല്‍ 40 രൂപ വരെ നല്‍കിയാണ് പാല്‍ സംഭരിക്കുന്നത്. പക്ഷേ ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള തമിഴ്‌നാട്ടില്‍ ഇത് 30 രൂപയ്ക്കും താഴെയാണ്. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാര്‍ പാല്‍ സംഭരിച്ച് കേരളത്തിലേക്ക് കയറ്റിയയച്ച് ലാഭം കൊയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ പാല്‍ ഉത്പ്പന്ന കമ്പനികളും ഇതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം മീനാക്ഷിപുരം കൂടാതെ ജില്ലയിലെ മറ്റു സംസ്ഥാനങ്ങളിലും പാല്‍ പരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

നിലവില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് തുടങ്ങിയിട്ടില്ല. 2019 ഓടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് അധികൃതര്‍ പറയുന്നത്. ക്ഷീര വികസന വകുപ്പിന്റെ പ്രൊപ്പോസലിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ സ്ഥലം കണ്ടെത്തി നല്‍കിയതുള്‍പ്പെടെ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കണ്ടെയ്‌നര്‍ ബ്ലോക്കുകളുടെ മാതൃകയില്‍ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ ലാബ്, ഓഫീസ്, വിശ്രമമുറി എന്നിവയുണ്ടാകും. വാളയാറും പരിശോധനാ കേന്ദ്രം വരുന്നതോടെ ഗുണനിലവാരമില്ലാത്ത പാല്‍ വരവ് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൊല്ലത്ത് ആര്യങ്കാവില്‍ നിലവില്‍ ചെക്ക് പോസ്റ്റ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതുവഴി എത്തുന്ന പാല്‍ വണ്ടികള്‍ മീനാക്ഷിപുരത്തെ അപേക്ഷിച്ച് ഏറെ കുറവാണ്. ആറോ ഏഴോ വണ്ടികള്‍ മാത്രമാണ് ചെക്‌പോസ്റ്റ് കടന്ന് എത്തുന്നത്. 25 നടുത്ത് സാമ്പികളുകളാണ് ദിവസവും പരിശോധിക്കാറ്.

എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗമായതുകൊണ്ടും ഏറ്റവും കൂടുതല്‍ പാക്കറ്റ് പാലുകള്‍ കോയമ്പത്തൂരില്‍ നിന്ന് എത്തുന്നതുകൊണ്ടും ഒരു ദിവസം തന്നെ ഏകേദശം 140 ഓളം സാമ്പിളുകള്‍ പാലക്കാട്ടെ ചെക്‌പോസ്റ്റില്‍ പരിശോധിക്കാറുണ്ട്.

വണ്ടികളില്‍ നിന്നും ഡിക്ലറേഷന്‍ ഫോം വാങ്ങിക്കാറുണ്ട്. എവിടെ നിന്നാണ് പാല്‍ വരുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും അതില്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഇത്തരത്തില്‍ ഇല്ലായിരുന്നെന്നും പരിശോധനാ വിഭാഗം പറയുന്നു.

അതേസമയം മായം ചേര്‍ത്ത പാല് കേരളത്തിലെത്തുന്നത് വളരെ ഗുരുതരമായ വിഷയം തന്നെയാണെന്നും ജനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നതാണ് ഇതെന്നും കേരള കോപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍(മില്‍മ) ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ പാലിന്റെ വിലയും കേരളത്തിലെ പാലിന്റെ വിലയും തമ്മിലുള്ള അന്തരം ഒരു വിഷയമാണ്. ഇവിടെ ശരാശരി നമ്മള്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നത് 34 രൂപയാണെങ്കില്‍ തമിഴ്‌നാട്ടില്‍ അത് 21 രൂപയാണ്. ആ അന്തരമാണ് ഇവിടേക്ക് കൂടുതല്‍ പാല് പ്രൈവറ്റ് സംവിധാനം വഴി വരുന്നത്. അതില്‍ ഗുണനിലവാരം ഉള്ളതും ഇല്ലാത്തതും ഉണ്ടാകും. നിലവില്‍ ഇവരെല്ലാം മില്‍മയുമായി കടുത്ത മത്സരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.