അതിജീവിതയ്ക്ക് നീതി കിട്ടിയില്ല; വിശദീകരണവുമായി അടൂര്‍ പ്രകാശ്, മാധ്യമങ്ങള്‍ക്ക് വിമര്‍ശനം
Kerala
അതിജീവിതയ്ക്ക് നീതി കിട്ടിയില്ല; വിശദീകരണവുമായി അടൂര്‍ പ്രകാശ്, മാധ്യമങ്ങള്‍ക്ക് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 12:10 pm

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ ദിലീപ് അനുകൂല പ്രസ്താവനയില്‍ വിശദീകരണവുമായി യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തന്റെ പ്രസ്താവന മുഴുവനായി മാധ്യമങ്ങള്‍ക്ക് സംപ്രേക്ഷണം ചെയ്യാതിരുന്നതാണ് വിവാദത്തിന് കാരണമായതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നീതിന്യായ കോടതിയില്‍ നിന്നും ഒരു വിധിയുണ്ടാകുമ്പോള്‍ അതിനെ തള്ളി പറയുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പ്രോസിക്യൂഷന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും യു.ഡി.എഫും അതിജീവിതയോടപ്പമാണെന്നും അക്കാര്യം കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന നേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. നടിക്കൊപ്പമെന്ന് പറയുമ്പോളും എല്ലാവര്‍ക്കും നീതി കിട്ടണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

പൊലീസുകാര്‍ക്കെതിരായ ദിലീപിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സര്‍ക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ നല്‍കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. കേരളത്തിലേത് എന്ത് കേസുകളും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെയും ഇടത് നേതാക്കളുടെയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.

Content Highlight: Adoor Prakash clarifies his statement in support of Dileep in the actress attack case