സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അടൂർ ഗോപാലകൃഷ്ണൻ. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളിൽ അടൂർ മലയാള സിനിമയിൽ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

കൊടിയേറ്റം, എലിപ്പത്തായം, വിധേയൻ, മതിലുകൾ, കഥാപുരുഷൻ, അനന്തരൻ തുടങ്ങിയ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം പത്മശ്രീ പത്മഭൂഷൺ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകികൊണ്ട് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ‘പദയാത്ര’യാണ് അടൂരിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab/ Youtube

മമ്മൂട്ടിയുമൊത്തുള്ള അടൂർ ഗോപാലകൃഷ്ണന്റെ നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം, വിധേയൻ, മതിലുകൾ തുടങ്ങിയവയാണ് അടൂരും മമ്മൂട്ടിയും ഒരുമിച്ചെത്തിയ മറ്റുസിനിമകൾ. ഇതിൽ വിധേയൻ, മതിലുകൾ എന്നിവ മമ്മൂട്ടിക്ക് നാഷണൽ അവാർഡും സംസ്ഥാന അവാർഡും നേടി കൊടുത്തവയാണ്.

ഇപ്പോഴിതാ ഒരു നായകനെ വീണ്ടും വീണ്ടും സിനിമകളിൽ ആവർത്തിക്കാറില്ലെന്ന തന്റെ പതിവ് മമ്മൂട്ടിയുടെ കാര്യത്തിൽ മാത്രം മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മമ്മൂട്ടിയോടുള്ള ഇഷ്ടക്കൂടുതലാണ് വീണ്ടും ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെന്നും അദ്ദേഹത്തിന് അനുയോജ്യമായ ഒരു കഥ ലഭിക്കാൻ വൈകിയതാണ് പുതിയ സിനിമ നീണ്ടുപോകാൻ കാരണമെന്നും അടൂർ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മമ്മൂട്ടി വലിയ നടനാണ്. അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെയാണ് ആ കാര്യത്തിൽ മാത്രം ഞാൻ എന്റെ പതിവ് മാറ്റിയത്. മമ്മൂട്ടിക്കൊപ്പമുള്ള എന്റെ നാലാമത്തെ സിനിമകൂടിയാണ് പദയാത്ര. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത്. എന്നാൽ, ആ ഇടവേള ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായിരുന്നില്ല. ഇടയ്ക്ക് ഫോണിൽ സംസാരിക്കുന്ന ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ.

വിളിക്കുമ്പോഴെല്ലാം കോൾ വെയ്റ്റിങ്ങിലായിരുന്നുവെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറയും. അദ്ദേഹത്തിന് പറ്റിയൊരു കഥ മനസിലേക്ക് വരാൻ വൈകിയതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് സിനിമ ചെയ്യാൻ ഇത്രയും കാലതാമസമുണ്ടായത്,’ അടൂർ പറഞ്ഞു.

പദയാത്രയുടെ ഏകദേശ രൂപം തയ്യാറായതോടെയാണ് മമ്മൂട്ടിയുമായി സിനിമയെക്കുറിച്ച് സംസാരിച്ചതെന്നും അദ്ദേഹം അപ്പോൾ തന്നെ അത് ഏറ്റെടുക്കുകയായിരുന്നുവെന്നും അടൂർ പറയുന്നു.

അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab/ Youtube.

‘പദയാത്രയുടെ ഏകദേശ രൂപം തയ്യാറായപ്പോൾ മമ്മൂട്ടിയുമായി സംസാരിച്ചു. അഭിനയിക്കുക മാത്രമല്ല, സിനിമയുടെ നിർമാണവും അദ്ദേഹം തന്നെ ഏറ്റെടുക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവരികയായിരുന്നു,’ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

Content Highlight: Adoor gopalakrishnan Talks about Mammootty and padayatra movie