ഇനി ബിഗ് സ്‌ക്രീനില്‍ കാണാം....മമ്മൂട്ടി- അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രം 'പദയാത്ര'ക്ക് പാക്ക് അപ്പ്
Malayalam Cinema
ഇനി ബിഗ് സ്‌ക്രീനില്‍ കാണാം....മമ്മൂട്ടി- അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രം 'പദയാത്ര'ക്ക് പാക്ക് അപ്പ്
ഐറിന്‍ മരിയ ആന്റണി
Wednesday, 4th March 2026, 8:16 pm

32 വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് കേട്ടത്. 1993ല്‍ പുറത്തിറങ്ങിയ വിധേയന്‍ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന് പദയാത്രയെന്നാണ് പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം പാക്ക് അപ്പ് ആയിരിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജനുവരി അവസാനത്തോട് കൂടെയായിരുന്നു, സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിക്കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സിനിമയെന്ന് റിലീസ് ചെയ്യുമെന്നതിനെ പറ്റി ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചിത്രം ഉടനെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. മൂന്ന് സിനിമകളില്‍ രണ്ട് സിനിമകളിലാകട്ടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡുകളും സ്വന്തമാക്കി.

ഈ  കൂട്ടുകെട്ട്  വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. ഗ്രേസ് ആന്റണിയാണ് സിനിമയില്‍ നായികയായെത്തുന്നത്. ഷെഹ്‌നാഥ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി മുജീബ് മജീദാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം കളങ്കാവലാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പദയാത്രയുടെ ഷൂട്ടിങ് അവസാനിക്കുമ്പോള്‍ തുടര്‍ന്ന് നിതീഷ് സഹദേവിന്റെ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ഫാലിമി, തൈലര്‍ തമ്പി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നിതീഷ് ഒരുക്കുന്ന ചിത്രം പക്കാ മാസ് എന്റര്‍ടെയ്‌നാറായി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുറകളുടെ നായകനായ മഹാനടന്‍ മമ്മൂട്ടിയുടെ വരും സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Content Highlight: Adoor Gopalakrishnan and mammootty film Padayatra  packed up

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.