സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് 275.02 കോടി രൂപയുടെ ഭരണാനുമതി
Kerala
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് 275.02 കോടി രൂപയുടെ ഭരണാനുമതി
രാഗേന്ദു. പി.ആര്‍
Wednesday, 28th January 2026, 10:08 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് 275.02 കോടി രൂപയുടെ ഭരണാനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് ആധുനികമായ പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും സ്‌കൂള്‍ കെട്ടിടങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.

വിദ്യാഭ്യാസ മേഖലമേഖലയുടെ വികസനം  ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച തീരുമാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം.

സെക്കന്‍ഡറി വിഭാഗത്തിലെ 147 സ്‌കൂളുകളുടെ വികസനത്തിനായി 165.45 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 46 സ്‌കൂളുകള്‍ക്കായി 41.86 കോടി രൂപയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 19 സ്‌കൂളുകള്‍ക്കായി 9.58 കോടി രൂപയും അനുവദിക്കാന്‍ തീരുമാനമായി.

അറ്റകുറ്റപ്പണികളും അടിയന്തര അറ്റകുറ്റപ്പണികളും ആവശ്യമുള്ള 19 സ്‌കൂളുകള്‍ക്ക് 3.47 കോടി രൂപയും ചരിത്ര പ്രാധാന്യമുള്ള നാല് പൈതൃക സ്‌കൂളുകളുടെ സംരക്ഷണത്തിനായി 3.79 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളെ ഭിന്നശേഷി സൗഹൃദമാക്കാന്‍ 3.77 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 31 സ്‌കൂളുകള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.

സംസ്ഥാനത്തെ 14 ജില്ലകളിലെയും സ്‌കൂളുകളിലേക്ക് ഫര്‍ണീച്ചറുകള്‍, ലാബ് ഉപകരണങ്ങള്‍, കായിക-സംഗീത ഉപകരണങ്ങള്‍ എന്നിവ എത്തിക്കാന്‍ 10 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ നല്‍കി.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പൊതുവിദ്യാലയങ്ങളെ മികച്ച വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

Content Highlight: Administrative sanction of Rs. 275.02 crore for the development of public schools in the state

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.