മഹേഷ് ബാബുവിന് ഏറ്റവും ഇഷ്ടമായത് രേവതിയെ, അവർ ഒരു ആക്ടിങ് പവർ ഹൗസ് ആണ്: അദിവി ശേഷ്
Entertainment news
മഹേഷ് ബാബുവിന് ഏറ്റവും ഇഷ്ടമായത് രേവതിയെ, അവർ ഒരു ആക്ടിങ് പവർ ഹൗസ് ആണ്: അദിവി ശേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 5:49 pm

മലയാള സിനിമാരംഗത്തും ആരാധകരുള്ള തെലുങ്കു നടനാണ് അദിവി ശേഷ്. അദ്ദേഹത്തിന്റെ സിനിമകൾക്കും ഇവിടെ പ്രേക്ഷകരുണ്ടാകാറുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ മേജർ എന്ന സിനിമയിൽ അദിവി ശേഷ്, രേവതിക്കൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിൽ നടൻ. രേവതി ഒരു ആക്ടിങ് പവർ ഹൗസ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘രേവതി ചേച്ചിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതിൽ നല്ല സന്തോഷമുണ്ട്. രേവതിയാണ് മേജർ സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചതെന്നാണ് മഹേഷ് ബാബു സാർ കരുതുന്നത്. എനിക്ക് രേവതി ചേച്ചിയുമായി ഒരുപാട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അവരൊരു ആക്ടിങ് പവർ ഹൗസ് ആണ്. അവര് സൗമ്യമായിട്ടുള്ള ഒരാളാണ്, ഷീ ഈസ് നൈസ് ആൻഡ് സ്വീറ്റ് (She is nice and sweet). അവർ സെറ്റിൽ വന്നാൽ എന്റെ അടുത്തൊക്കെ വന്നിരിക്കും, സംസാരിക്കും. അപ്പോൾ ഞാനും അഭിനയിക്കാനൊക്കെ തയ്യാറാകും. കൂളായിട്ട് അഭിനയിക്കാമെന്ന് വിചാരിക്കും. എന്നാൽ ക്യാമറ റോൾ ചെയ്യാൻ തുടങ്ങിയാൽ രേവതി ചേച്ചി മൊത്തമായിട്ട് മാറും. അവർ ഇമോഷൻസ് നല്ല രീതിയിൽ സിനിമയ്ക്ക് വേണ്ടി നൽകും.

മഹേഷ് ബാബു സാർ ഈ സിനിമ കണ്ടതിനു ശേഷം പറഞ്ഞത്, എനിക്ക് പ്രകാശ് രാജിന്റെ അഭിനയവും പ്രസംഗവുമൊക്കെ ഇഷ്ടമായി. പക്ഷെ അതിനു റിയാക്ഷനായി രേവതി ചേച്ചി നൽകുന്ന എക്സ്പ്രെഷൻ ആണ് കൂടുതൽ ഇഷ്ടമായതെന്നാണ്. അത് മനോഹരമായിരുന്നു. ഞാനും മഹേഷ് ബാബു സാറും വിശ്വസിക്കുന്നത് രേവതി ചേച്ചിയെ എടുത്തതാണ് ഈ സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ്’ അദിവി ശേഷ് പറഞ്ഞു.

മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മേജര്‍. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി റിലീസായ മേജര്‍, ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്തത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്.

Content Highlight: Adivi Shesh says that actress Revathi is a power house of acting