| Tuesday, 20th December 2016, 9:08 am

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഉടുമുണ്ടഴിപ്പിച്ച് പരിശോധിച്ചെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


പട്ടികജാതിവര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളകര കോളനിയില്‍ നിന്നുളള പി.കെ. രതീഷ്, മുതലമടയില്‍ നിന്നുള്ള വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.


വടക്കഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലംപാലത്ത് ഗദ്ദിക 2016 നാടന്‍ കലാമേളയുടെ ഉദ്ഘാടന സ്ഥലത്ത് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പട്ടികജാതിവര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളകര കോളനിയില്‍ നിന്നുളള പി.കെ. രതീഷ്, മുതലമടയില്‍ നിന്നുള്ള വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വനഭൂമി കൈയേറി ഭൂമിക്ക് വേണ്ടി സമരം നടത്തുന്നുണ്ട്. ഇതടക്കം കോളനികളിലെ വിവിധ ആവശ്യങ്ങള്‍ കാണിച്ച് നിവേദനം നല്‍കുന്നതിനായാണ് രതീഷും രാജുവും മണികണ്ഠനുമെത്തിയത്. കടപ്പാറയില്‍ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനായി വേദിക്കുസമീപം കാത്തുനില്‍ക്കുന്നതിനിടെ തങ്ങള്‍ മൂന്നുപേരെയും പൊലീസ് ബലമായി പിടിച്ച് ആദ്യം സമീപത്തേക്ക് മാറ്റിനിര്‍ത്തി. നാട്ടുകാര്‍ നോക്കിനില്‍ക്കെ ഉടുത്തിരുന്ന മുണ്ടുള്‍പ്പെടെ അഴിപ്പിച്ച് പരിശോധിച്ചതായും രതീഷിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന്, ഇവരെ വടക്കഞ്ചേരി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.


ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന കടപ്പാറ കോളനി മൂപ്പന്‍ വേലായുധന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി പുറത്ത് കുത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം രാത്രി ഒമ്പതുമണിയോടെയാണ് പിടികൂടിയവരെ പൊലീസ് ജാമ്യത്തില്‍ വിട്ടത്.


ഇവരുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് ആദിവാസികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ പൊലീസ് കണ്ടെടുത്തു. ഇവ പരിപാടിക്കിടെ വിതരണംചെയ്യുമോയെന്ന ആശങ്കയും കരിങ്കൊടി കാണിക്കുമോയെന്ന സംശയവുംമൂലം മുന്‍കരുതലായാണ് ഇവരെ പിടികൂടിയതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. വി.എസ്. മുഹമ്മദ് കാസിം പറഞ്ഞു.

We use cookies to give you the best possible experience. Learn more