Dhurandhar Propaganda No 4: കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്റെ ആളുകളായിരുന്നു? ധുരന്ധര്‍ 2ലെ ഡയലോഗ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Indian Cinema
Dhurandhar Propaganda No 4: കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്റെ ആളുകളായിരുന്നു? ധുരന്ധര്‍ 2ലെ ഡയലോഗ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 21st March 2026, 3:50 pm

‘സത്യം വിളിച്ച് പറയുമ്പോള്‍ പ്രൊപ്പഗണ്ടയായി തോന്നും’ ധുരന്ധര്‍ 2വില്‍ സംവിധായകന്‍ തന്റെ പ്രൊപ്പഗണ്ട പച്ചക്ക് പറയുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അനുകൂലികള്‍ നല്‍കുന്ന മറുപടിയാണിത്. ആദ്യഭാഗം 1400 കോടിയിലേറെ നേടുകയും രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ ചിത്രത്തിലെ പല സീനുകളും ചര്‍ച്ചയാവുകയാണ്.

ബി.ജെ.പി ഗവണ്മെന്റിനെ വെള്ളപൂശി എടുക്കുക എന്ന ലക്ഷ്യം സംവിധായകന്‍ കൃത്യമായി നടപ്പാക്കിയെന്നും പലരും അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനമുള്‍പ്പെടെ ബി.ജെ.പി. ഗവണ്മെന്റ് നടപ്പിലാക്കിയ പല മണ്ടന്‍ പദ്ധതികളും വിജയമായെന്നാണ് ധുരന്ധര്‍ 2 വരുത്തിതീര്‍ത്തത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നടത്തുമ്പോള്‍ പാകിസ്ഥാനിലെ തീവ്രവാദികള്‍ പേടിക്കുന്ന സീനെല്ലാം സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അതിനെക്കാളേറെ വിമര്‍ശിക്കപ്പെടുന്നത് ചിത്രത്തിലെ ഒരു ഡയലോഗാണ്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ടി.വിയില്‍ കാണുന്ന പാകിസ്ഥാനിലെ പഴയ ബ്രിഗേഡിയര്‍ അര്‍ജുന്‍ രാംപാല്‍ അവതരിപ്പിച്ച മേജര്‍ ഇഖ്ബാലിനോട് ‘ഇത്തവണ നിന്റെ ആളുകള്‍ തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്ന് പറഞ്ഞിട്ട് എന്തായി’ എന്ന് ചോദിക്കുന്നുണ്ട്.

ഇന്ത്യ ഭരിച്ചിരുന്ന ഒരു സര്‍ക്കാരിനെ പാകിസ്ഥാന്റെ ആളുകളായി ചിത്രീകരിച്ച സംവിധായകന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പാര്‍ട്ടിയെ പാകിസ്ഥാനെ അനുകൂലിക്കുന്നവരാക്കി ചിത്രീകരിച്ചത് സംവിധായകന് പറ്റിയ അബദ്ധമാണെന്ന് കരുതാന്‍ വയ്യ.

ബി.ജെ.പിയുടെ ഭരണകാലത്താണ് ഇന്ത്യയില്‍ എല്ലാ കാര്യവും കൃത്യമായി നടന്നത്, ജനങ്ങള്‍ ഈ ഭരണത്തില്‍ സുരക്ഷിതരാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള മൂന്നാംകിട പ്രൊപ്പഗണ്ട നാടകമെന്നേ സംവിധായകന്റെ ഈ പ്രവൃത്തിയെക്കുറിച്ച് പറയാനാകുള്ളൂ. നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകിടം മറിച്ച നോട്ടുനിരോധനത്തെ വെളുപ്പിച്ചെടുത്തതിന് പലരും ആദിത്യ ധറിനെ വിമര്‍ശിക്കുകയാണ്.

ഒരുപക്ഷേ ഭാവിയില്‍ ധുരന്ധറിന് മൂന്നാം ഭാഗം ഒരുക്കുകയാണെങ്കില്‍ എല്‍.പി.ജി ക്ഷാമത്തെക്കുറിച്ചെല്ലാം സംവിധായകന്‍ പറയുമോ എന്നും ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. ജോസഫ് ഗീബല്‍സിനെ ഉപയോഗിച്ച് ഹിറ്റ്‌ലറിന്റെ ക്രൂരതകളെ വെളുപ്പിച്ചെടുത്തത് പോലെയാണ് ആദിത്യ ധറിനെപ്പോലെയുള്ള സംവിധായകര്‍ സിനിമ എന്ന മീഡിയത്തെ ഉപയോഗിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. നാല് വര്‍ഷം കഴിഞ്ഞ് ധുരന്ധര്‍ റീ റിലീസ് ചെയ്താല്‍ മോദിക്ക് പ്രത്യേകിച്ച് ഒരു പി.ആര്‍ ക്യാമ്പയിന്‍ നടത്തേണ്ട ആവശ്യമില്ലെന്നും പരിഹസിക്കുന്നുണ്ട്.

Content Highlight: Aditya Dhar included a dialogue that Congress supporting Pakistan in Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം