ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ക്കുമെന്ന് ട്രാക്കര്‍മാര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന ചിത്രമാണ് ധുരന്ധര്‍ പാര്‍ട്ട് 2 റിവഞ്ച്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധറിന്റെ ആദ്യ ഭാഗം 1400 കോടിയിലേറെയായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ഭാഗവും ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
നരേന്ദ്ര മോദിയെ വെള്ളപൂശാനായി പല കാര്യങ്ങളും ആദിത്യ ധര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളെ വെള്ളപൂശിയ ആദിത്യയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയാണ്. ഇത്രയും പച്ചക്ക് പ്രൊപ്പഗണ്ട സിനിമയിലൂടെ വരച്ചുകാട്ടാന്‍ ആദിത്യ ധറിന് എങ്ങനെ തോന്നിയെന്നും പലരും ചോദിക്കുന്നുണ്ട്.
ധുരന്ധറിന് അടുത്ത ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ അതില്‍ എല്‍.പി.ജി ക്ഷാമത്തെക്കുറിച്ച് പറയുമോ എന്ന് ചോദിക്കുന്നുണ്ട്. സിനിമ എന്ന നിലയില്‍ ധുരന്ധര്‍ 2 ഗംഭീരമാണെങ്കിലും ബി.ജെ.പിയെയും മോദിയെയും വൈറ്റ്‌വാഷ് ചെയ്യുന്ന ശ്രമമാണ് ആദിത്യ ധര്‍ നടത്തുന്നതെന്നും മോദി ഭക്തനായ സംവിധായകന്റെ അജണ്ട വ്യക്തമായെന്നും പോസ്റ്റുകളുണ്ട്.
‘ബി.ജെ.പി ഗവണ്മെന്റ് പോലും ന്യായീകരിക്കാന്‍ പാടുപെടുന്ന നോട്ട് നിരോധനത്തെ വെളുപ്പിച്ചെടുത്ത ആദിത്യ ധറിനെ ആരും വിലകുറച്ച് കാണരുത്’, ‘അടുത്ത സിനിമ ചെയ്യാന്‍ ആദിത്യ ധറിന് നോര്‍ത്ത് കൊറിയയില്‍ നിന്നാണ് ഓഫര്‍ വന്നിരിക്കുന്നത്. കിം ജോങ് ഉന്‍ പാവമാണെന്നും നല്ല മനസിന് ഉടമയാണെന്നും വരച്ചുകാട്ടാന്‍ ആദിത്യക്ക് മാത്രമേ സാധിക്കുകയുള്ളൂ’, ‘ഫസ്റ്റ് പാര്‍ട്ടില്‍ 90 ശതമാനം ഫാക്ടും 10 ശതമാനം പ്രൊപ്പഗണ്ടയുമാണ്. എന്നാല്‍ സെക്കന്‍ഡ് പാര്‍ട്ടില്‍ 90 ശതമാനം പ്രൊപ്പഗണ്ടയും 10 ശതമാനം ഫാക്ടുമാണ്’ എന്നിങ്ങനെയാണ് പല പോസ്റ്റുകളും.
2014ല്‍ മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് പാകിസ്ഥാനിലെ തീവ്രവാദികള്‍ പേടിക്കുന്ന സീനും പിന്നീട് അവര്‍ മോദിയെക്കുറിച്ച് പറഞ്ഞ സീനുകളുമെല്ലാം എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളിന് ഇരയായിരിക്കുകയാണ്. പ്രൊപ്പഗണ്ട ഒളിച്ചുകടത്തുന്നുണ്ടെങ്കിലും ഗംഭീര മേക്കിങ്ങിലൂടെ ആദിത്യ ധറിന് ആളുകളെ മാനിപ്പുലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.