ഇമോഷണല്‍ സീനുകളിലെ സീത; പത്താം വളവിലെ അമ്മ വേഷം അടിപൊളിയാക്കി അതിഥി രവി
Entertainment news
ഇമോഷണല്‍ സീനുകളിലെ സീത; പത്താം വളവിലെ അമ്മ വേഷം അടിപൊളിയാക്കി അതിഥി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 9:22 am

ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട്, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് എം. പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് പത്താം വളവ്. ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ട തന്നെ പ്രദര്‍ശനം തുടരുകയാണ്.

നടി അതിഥി രവിയുടെ പ്രകടനമാണ് ചിത്രത്തില്‍ മികച്ച അഭിപ്രായം നേടുന്ന ഒരു കാര്യം. ഇതുവരെ ചെയ്ത റോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായി ശക്തമായ ഒരു അമ്മ വേഷത്തിലാണ് പത്താം വളവില്‍ അതിഥി പ്രത്യക്ഷപ്പെടുന്നത്.

സീത എന്ന തന്റെ കഥാപാത്രത്തെ അതിന്റെ എല്ലാ ഇമോഷണല്‍ ഡെപ്‌ത്തോട് കൂടിത്തന്നെ അതിഥി അവതരിപ്പിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായ സോളമന്റെ ഭാര്യയാണ് സീത.

അമ്മ റോളിലെ തന്റെ പ്രകടനം മികച്ചതാക്കിയ അതിഥി ഇമോഷണല്‍ സീനുകളിലും മകള്‍ മരിക്കുമ്പോഴുള്ള രംഗങ്ങളിലുമെല്ലാം അഭിനയം കൊണ്ട് മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം.

ചിത്രത്തിലെ ഫസ്റ്റ് ഹാഫില്‍ കോമഡി രംഗങ്ങളിലും അതിഥി തിളങ്ങുന്നുണ്ട്.

2014ല്‍ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു അതിഥി മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് അലമാര, ചെമ്പരത്തിപ്പൂ, ആദി, കുട്ടനാടന്‍ മാര്‍പാപ്പ, നാം എന്നീ സിനിമകളില്‍ നായികാ വേഷത്തിലെത്തിലും താരം എത്തിയിരുന്നു.

എന്നാല്‍ അതിഥിയുടെ ആദ്യത്തെ അമ്മ റോളാണ് പത്താം വളവിലേത്.

ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. സോളമനായുള്ള സുരാജിന്റെ പ്രകടനം തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ അതേസമയം, നടന്‍ ഇന്ദ്രജിത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന പൊലീസ് വേഷങ്ങളും പത്താം വളവിലൂടെ ചര്‍ച്ചയാകുന്നുണ്ട്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഇന്ദ്രജിത്തിന്റെ മൂന്ന് സിനിമകളിലും (കുറുപ്പ്, നൈറ്റ് ഡ്രൈവ്, പത്താം വളവ്) താരത്തിന് പൊലീസ് വേഷം തന്നെയായിരുന്നു. ഇതില്‍ വ്യത്യസ്ത കൊണ്ടുവരുന്നതില്‍ താരം വലിയ രീതിയില്‍ വിജയിക്കുന്നില്ല എന്നാണ് ഉയരുന്ന വിമര്‍ശനം.

നടന്‍ അജ്മല്‍ അമീറിന്റെ മലയാളത്തിലേക്കുള്ള കമിങ് ബാക്ക് സിനിമ കൂടിയാണ് പത്താം വളവ്. 2015ല്‍ ടു കണ്‍ട്രീസ്, ലോഹം, ബെന്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ മലയാളത്തില്‍ ചെയ്ത ശേഷം തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച അജ്മല്‍, വരദന്‍ എന്ന പൊലീസുകാരനായി മികച്ച പ്രകടനെ തന്നെ പത്താം വളവില്‍ കാഴ്ച വെച്ചിട്ടുണ്ട്.

സ്വാസിക, സുധീര്‍ കരമന, അജ്മല്‍ അമീര്‍, ബിനു അടിമാലി, എന്നിവരാണ് പത്താം വളവില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാനാണ് അതിഥിയുടെ റിലീസിനൊരുങ്ങി നില്‍ക്കുന്ന മറ്റൊരു ചിത്രം. മേയ് 20നാണ് ട്വല്‍ത് മാന്‍ ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Aditi Ravi performance in the movie Patham Valavu in a mother role gains appreciation