'ഒറ്റക്കൊമ്പ'നില്‍ ഇന്ദ്രജിത്തിന്റെ ജോഡി; വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് മനസ് തുറന്ന് അദിതി രവി
Malayalam Cinema
'ഒറ്റക്കൊമ്പ'നില്‍ ഇന്ദ്രജിത്തിന്റെ ജോഡി; വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് മനസ് തുറന്ന് അദിതി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 1:28 pm

ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അദിതി രവി. അലമാര എന്ന സിനിമയലൂടെ അവര്‍ നായികയുമായി. എന്നാല്‍ അദിതിയെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയാക്കിയത് 2014ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ഥ് മേനോനുമായി ചെയ്ത യെലോവ് എന്ന മ്യൂസിക്കല്‍ ആല്‍ബം വീഡിയോ ആണ്.

ഇപ്പോള്‍ വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദിതി. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ബേബി ഗേളില്‍ നിവിന്‍ പോളിയുടെ ഭാര്യ വേഷമാണ് അദിതി കൈകാര്യം ചെയ്യുന്നത്.

‘ഒരു ദിവസത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ത്രില്ലിങ് സിനിമയാണത്. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പനിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഇന്ദ്രജിത് ചേട്ടന്റെ ജോഡിയാണ്,’ അദിതി പറയുന്നു.

താന്‍ ഭാഗ്യങ്ങളില്‍ വിശ്വാസിക്കുന്നയാളാണെന്നും നടി പറയുകയുണ്ടായി. ഭാഗ്യത്തിലും അതിനെയെല്ലാം നിയന്ത്രിക്കുന്ന ശക്തിയിലും താന്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും അദിതി കൂട്ടിച്ചേര്‍ത്തു.

‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന പോസിറ്റിവിറ്റി വലുതാണ്. ആ എനര്‍ജിയില്‍ വിശ്വസിക്കുന്നു. പിന്നെ, തൃശൂര്‍ക്കാരി ആയതുകൊണ്ടു ഗുരുവായൂരപ്പനില്ലാതെ ഒരു പരിപാടിയുമില്ല. ഗുരുവായുരില്‍ നിന്ന് തിരിച്ച് വരുമ്പോഴേക്കും കടലാസ് പോലെ മനസ് ക്ലീനാകും,’ അതിദി പറഞ്ഞു.

ഗരുഡന്റെ സംവിധായകന്‍ അരുണ്‍ വര്‍മയാണ് ബേബി ഗേള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിക്കും അദിതി രവിക്കും പുറമേ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവര്‍ അഭിനയിക്കുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഷൈജിത്ത് കുമാരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Content highlight:  Aditi Ravi opens up about upcoming films