വിജയിക്കുമ്പോള്‍ കൂടെ ഒരുപാട് പേരുണ്ടാകും; നാളെ കണ്ടാല്‍ മിണ്ടുക പോലുമില്ല: വിജയപരാജങ്ങളെക്കുറിച്ച് അദിതി രവി
Malayalam Cinema
വിജയിക്കുമ്പോള്‍ കൂടെ ഒരുപാട് പേരുണ്ടാകും; നാളെ കണ്ടാല്‍ മിണ്ടുക പോലുമില്ല: വിജയപരാജങ്ങളെക്കുറിച്ച് അദിതി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th September 2025, 3:00 pm

ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അദിതി രവി. 2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെ നായികയുമായി.

അദിതിയെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയാക്കിയത് 2014ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ഥ് മേനോനുമായി ചെയ്ത യെലോവ് എന്ന മ്യൂസിക്കല്‍ ആല്‍ബം വീഡിയോ ആണ്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച അദിതി കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ്.

‘വളരെ പതുക്കെയാണ് സിനിമകള്‍ തേടി വരുന്നതും കരിയര്‍ മുന്നോട്ട് പോകുന്നതും. അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഒരു കാര്യത്തിലും റിഗ്രറ്റ്‌സ് ഇല്ല. അതല്ലേ വലിയ കാര്യം. പതുക്കെയുള്ള യാത്രയായത് കൊണ്ടു തന്നെ ദൂരെനിന്ന് പലതും കണ്ടുപഠിക്കാനുള്ള സമയം കിട്ടി.

സിനിമ ഹിറ്റാകുന്നതും പരാജയപ്പെടുന്നതുമൊക്കെ സമയം പോലിരിക്കും. വിജയിക്കുമ്പോള്‍ ചുറ്റും കുറേ പേരുണ്ടാകും. പക്ഷേ, നാളെ അവര്‍ കണ്ടാല്‍ മിണ്ടുക പോലുമില്ല. ഇതു മനസിലാക്കി നമ്മള്‍ ഒരുപോലെ ഇരിക്കുന്നതിലാണ് കാര്യം. എന്തു സംഭവിച്ചാലും ക്ഷമ കൈവിടരുത്. പല ഉപദേശങ്ങളും പലരില്‍ നിന്നും കിട്ടും. അതു കേട്ടു വ്യക്തിത്വം നഷ്ടപ്പെടുത്തരുത്,’ അദിതി രവി പറയുന്നു.

മറ്റുള്ളവര്‍ക്കു വേണ്ടി ഓടി നടന്ന്, തനിക്ക് വേണ്ടി ജീവിക്കാന്‍ സമയമില്ലാതിരുന്ന ആളാണ് താനെന്നും എന്നാല്‍ അതൊന്നും ശരിയല്ല എന്ന തിരിച്ചറിവ് വന്നിട്ട് രണ്ട് മൂന്ന് വര്‍ഷം മാത്രമേ ആയുളളുവെന്നും അദിതി പറഞ്ഞു.

സ്വയം സ്‌നേഹിക്കുക എന്നത് പ്രധാനമാണെന്നും അപ്പോഴേ ചെറിയ കാര്യങ്ങളില്‍ പോലും ആത്മാര്‍ഥമായി സന്തോഷിക്കാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, സന്തോഷമായിരിക്കുക എന്നതിലൊക്കെ വലിയ അര്‍ഥങ്ങളുണ്ടെന്നും പറഞ്ഞ അദിതി, മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്ന ശീലം മാറിയതോടെ തനിക്ക് വേണ്ടി ഒരുപാട് സമയം കിട്ടിയെന്നും കൂട്ടിച്ചേര്‍ത്തു. സിനിമകള്‍ കാണുന്നതാണ് മുടങ്ങാത്ത ശീലമെന്നും അദിതി രവി പറഞ്ഞു.

Content Highlight: Aditi Ravi on success and failure in Career