വരും നാളുകളില്‍ മേക്കിങ്ങുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന സിനിമ
Entertainment news
വരും നാളുകളില്‍ മേക്കിങ്ങുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന സിനിമ
കെ.സി. പ്രതാപന്‍
Saturday, 2nd July 2022, 10:28 pm

ദൂരെനിന്ന് നോക്കികാണാന്‍ കടല്‍ എന്തൊരു മനോഹരമാണ്. പക്ഷെ അതിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ അത് അതിലേറെ ഭയാനാകവുമാണ്. ഒരുപക്ഷെ പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച മലയാളത്തിലെ തന്നെ ആദ്യത്തെ സിനിമയാകും ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്‌നും ചേര്‍ന്നഭിനയിച്ച ജിജോ ആന്റണി ചിത്രം ‘അടിത്തട്ട്’.

ഏറെ നിഗൂഢതകളുമായി മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന, ഏഴ് പേരുടെ കഥ പറയുന്ന സിനിമയാണ് അടിത്തട്ട്. പകയും വൈരാഗ്യവും മനസ്സില്‍ ഒളിപ്പിച്ച് കടലിലേക്ക് പോകുന്ന ഈ ഏഴു പേരിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നതും.

കടലിലെ മത്സ്യബന്ധന രീതികള്‍ ഇത്രയും മനോഹരമായി മുമ്പെങ്ങും മറ്റൊരു മലയാള സിനിമയിലും ചിത്രീകരിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം.

ആംബ്രോസ് ആയി ഷൈന്‍ ടോം ചാക്കോ ജീവിക്കുകയാണ്, അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല, കാരണം അയാള്‍ അങ്ങനെയാണല്ലൊ. സണ്ണി വെയ്‌നെ ഒരുപാട് ഫ്‌ളെക്‌സിബിളായി അടിത്തട്ടിലെ മാര്‍ക്കോസായി അവതരിപ്പിക്കാന്‍ ജിജോ ആന്റണി എന്ന സംവിധായകന് പൂര്‍ണമായും കഴിഞ്ഞിട്ടുണ്ട്.

പ്രശാന്ത് അലക്‌സാണ്ടര്‍ സ്രാങ്ക് രായനായി പരകായ പ്രവേശനം ചെയ്തപ്പോള്‍, ഡിങ്കനായി ആടുകളത്തിലൂടെ പ്രിയങ്കരനായ ജയപാലന്‍ ജീവിക്കുകയായിരുന്നു. പണ്ട് ഇറ്റാലിയന്‍ കപ്പല്‍ക്കാര്‍ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചിട്ടിട്ട് പോയതിനെ പരാമര്‍ശിക്കുന്ന ഡിങ്കന്റെ ഒരു സീനുണ്ട്, തീര്‍ച്ചയായും ആ സീന്‍ നമ്മുടെയൊക്കെ കണ്ണ് നിറയിക്കും.

കാംബ്ലിയായി ജോസഫും നെല്‍സണ്‍ ആയി മുരുകനുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങോളോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്ന മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

അടിത്തട്ടിന്റെ മേക്കിങ് ഒരുപക്ഷെ ഇനിയുള്ള നാളുകളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം! അതില്‍ ജിജോ ആന്റണിയുടെ സംവിധാനമികവ് മുന്നിട്ട് തന്നെ നില്‍ക്കും! അടിത്തട്ടിനെ ആത്യന്തം ഉദ്വേഗ നിമിഷങ്ങളിലൂടെ പിടിച്ചിരുത്തുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഖയസ്സ് മില്ലന്റെ പക്വതയാര്‍ന്ന തിരക്കഥക്കുള്ള പങ്ക് വളരെ വലുതാണ്.

സിനിമാറ്റോഗ്രാഫി കൈകാര്യം ചെയ്ത പാപ്പിനു ഒരു വലിയ ഒരത്ഭുതമായി തോന്നി. വന്യമായ കടലില്‍ ക്യാമറ ഒക്കെ സെറ്റ് ചെയ്ത് ഈ പടം എങ്ങനെ ഇത്ര മനോഹരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞു? സിനിമ കാണുന്ന ഓരോ പ്രേക്ഷകനും സീന്‍ ബൈ സീന്‍ കടലില്‍ കൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി തരാന്‍ പാപ്പിനുവിന്റെ മനോഹരമായ ഷോട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ ആവേശം അത് പോലെ നില നിര്‍ത്തിക്കൊണ്ട് പോകാന്‍ ഇതിലെ ബി.ജി.എം മാത്രം മതി. ഒരുപക്ഷെ ഏറെ നാളുകള്‍ക്ക് ശേഷം ട്രെയ്‌ലര്‍ എഡിറ്റ് കണ്ടിട്ട് ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടെങ്കില്‍, അത് ശരത് ലാല്‍ എഡിറ്റ് ചെയ്ത അടിത്തട്ടിന് വേണ്ടി തന്നെയാണ്.

അടിത്തട്ടില്‍ പലപ്പോഴുമായുള്ള നല്ല മുട്ടന്‍ ഇടി സീനുകള്‍ ആസ്വാദകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നവയാണ്. അതോടൊപ്പം ഓരോ ഇടി കഴിയുമ്പോഴും ആംബ്രൊയും മാര്‍ക്കോയും മാറിമാറി നല്ല ചോറും ഞണ്ടു കറിയും കഴിക്കുന്ന സീനുകള്‍, ഇടിയുടെ ആവേശത്തെ കൊതിയുടെ ആവേശമാക്കി മാറ്റുന്നുമുണ്ട്.

മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഒന്നര മണിക്കൂര്‍ ആഴക്കടലിലെ മത്സ്യബന്ധനവും കടലിന്റെ വശ്യതയും ഒക്കെ അനുഭവിച്ചറിയാന്‍ കടലിലേക്ക് പോകണമെന്നില്ല മറിച്ച് അടിത്തട്ടിന് ഒരു ടിക്കറ്റ് എടുത്താല്‍ മതി!

അതെ, ജിജോ ആന്റണിയും കൂട്ടരും ഒരുക്കി വച്ചിരിക്കുന്ന ഈ അടിത്തട്ട് തീര്‍ച്ചയായും ഒരു മനോഹരമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്, അത് തിയേറ്ററുകളില്‍ തന്നെ പോയി കണ്ട് അനുഭവിച്ചറിയാന്‍ പരമാവധി ശ്രമിക്കുക!

Content Highlight: Adithattu movie review by KC Prathapan