'മതനിന്ദ' ആരോപിച്ച് പ്രതിഷേധം; സാംസങ് തൊഴിലാളികളെ പാക് പൊലീസ് അറസ്റ്റ് ചെയ്തു
World News
'മതനിന്ദ' ആരോപിച്ച് പ്രതിഷേധം; സാംസങ് തൊഴിലാളികളെ പാക് പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd July 2022, 6:59 pm

കറാച്ചി: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിലെ സ്റ്റാര്‍ സിറ്റി മാളിന് പുറത്ത് പ്രതിഷേധിച്ച 27 പേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

സെല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങ്ങിനെതിരെ മതനിന്ദ ആരോപിച്ച് പ്രതിഷേധിച്ച കമ്പനിയിലെ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റാര്‍ സിറ്റി മാളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സാംസങ്ങിന്റെ വൈഫൈ ഡിവൈസുകളില്‍ നിന്നും മതനിന്ദാ കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടു, എന്നാരോപിച്ചായിരുന്നു സാംസങ്ങിലെ തൊഴിലാളികള്‍ മാളിന് പുറത്ത് പ്രതിഷേധിച്ചത്. സാംസങ്ങിന്റെ ബില്‍ബോര്‍ഡുകളും പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.

പ്രതിഷേധക്കാര്‍ ബോര്‍ഡുകള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കുമെതിരായ കമന്റുകള്‍ വൈഫൈ ഡിവൈസില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടു എന്നാരോപിച്ചായിരുന്നു സാംസങ്ങിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധത്തിന് പിന്നാലെ തന്നെ സാംസങ് പാകിസ്ഥാന്‍ വിഷയത്തില്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. മതവികാരങ്ങളുടെ കാര്യത്തില്‍ കമ്പനി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

എല്ലാ മതങ്ങളോടും ബഹുമാനമാനിക്കുന്നുവെന്നും, ഇസ്‌ലാം മതത്തോട് ബഹുമാനമാണുള്ളതെന്നും സാംസങ് ഇലക്ട്രോണിക്‌സ് വ്യക്തമാക്കി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

Content Highlight: Samsung employees arrested by Pak police for ‘blasphemy protest’ in Karachi, against their company