ഓട്ടോ മറിഞ്ഞ് കയ്യും ചതഞ്ഞ് റോഡില്‍ കിടക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് റഹ്മാനിക്കയുടെ ഓക്കെ ഷോട്ട് എന്ന ശബ്ദമാണ്: അദ്രി ജോ
Movie Day
ഓട്ടോ മറിഞ്ഞ് കയ്യും ചതഞ്ഞ് റോഡില്‍ കിടക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് റഹ്മാനിക്കയുടെ ഓക്കെ ഷോട്ട് എന്ന ശബ്ദമാണ്: അദ്രി ജോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th September 2022, 11:04 pm

തല്ലുമാലയിലെ വികാസ് എന്ന കഥാപാത്രം ചെയ്ത് കയ്യടി നേടിയ നടനാണ് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ കണ്ടന്റ് ക്രിയേറ്ററും ഗായകനും കൂടിയായ അദ്രി ജോ. സിനിമയിലെ ആദ്യ ഭാഗത്തില്‍ വികാസ് വരുന്ന ഓട്ടോ മറിയുന്ന സീനുണ്ട്. അതിലെ ഓട്ടോ മറിഞ്ഞ് അതില്‍നിന്ന് അദ്രി എണീറ്റ് വരുന്ന രംഗം കാണാം. ഈ സീന്‍ ശരിക്കും നടന്നതാണെന്നും അത് തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്രി ക്ലബ് എഫ്.എമ്മിനോട് പറഞ്ഞു.

‘തല്ലുമാലയില്‍ വികാസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യ ഷൊട്ട് കഴിഞ്ഞപ്പോള്‍ ചത്തില്ലല്ലോ എന്നാണ് മനസില്‍വന്ന ചിന്ത. കാരണം സിനിമ കണ്ടവര്‍ക്ക് അറിയാം ഫസ്റ്റ് ഷോട്ട് ഓട്ടോ മറിയുന്നതാണ്. ആദ്യമായിട്ട് ഷൂട്ട് ചെയ്യുന്നതും അത് തന്നെയാണ്.

ഓട്ടോ വന്നിട്ട് റൈറ്റിലേക്ക് വന്ന് ഒരു മതിലില്‍ ഇടിക്കുന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. അതിന് വേണ്ടി ഒരു മതില്‍ ഒക്കെ ആര്‍ട്ടുകാര്‍ അവിടെ സെറ്റ് ചെയ്തുവെച്ചിരുന്നു. പക്ഷേ ഓട്ടോ നേരെ വന്നിട്ട് വലത്തോട്ട് തിരിയേണ്ടതിന് പകരം ഇടത്തോട്ട് തിരിഞ്ഞ് റോട്ടിലോട്ട് മറിഞ്ഞു. ഞാന്‍ ഓട്ടോയില്‍പ്പെട്ടു.

കാലൊക്കെ ഭാഗ്യത്തിന് രക്ഷപ്പെട്ടു, പക്ഷേ കയ്യിന്റെ ഒരു വശം മൊത്തം ചതഞ്ഞു. ഓട്ടോ വീണ് അതില്‍ കിടന്ന് വേദനകൊണ്ട് ഒടിഞ്ഞുകുത്തി കിടക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് റഹ്മാനിക്കയുടെ ഓക്കെ ഷോട്ട് എന്ന ശബ്ദമാണ്. അത് തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് പോലെ ഹെല്‍മറ്റുകൊണ്ട് ഇടിക്കുന്നതും ഞാന്‍ കൈകൊണ്ട് ഇടിക്കുന്നതാണ്,’ അദ്രി പറഞ്ഞു.

തല്ലുമാലയ്ക്ക് ശേഷം ജീവിതം മാറിയെന്നും തല്ലുമാലയില്‍ അഭിനയിക്കുന്നു എന്ന് കാര്യമായി ആരോടും പറഞ്ഞില്ലെന്നും അദ്രി പറഞ്ഞു.

തുടക്കകാരനെന്ന നിലയില്‍ സിനിമയില്‍ താന്‍ ആഗ്രഹിച്ച ഒരു കഥാപാത്രം ഇത് തന്നെയായിരുന്നു. നേരത്തെ ചില അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതൊന്നും ചെയ്യാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേട്ട സംഭവമേ ആയിരുന്നില്ല ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്ത കാര്യങ്ങളുമായിരുന്നില്ല സിനിമ. പോസ്റ്റ് പ്രൊഡക്ഷനില്‍ നടന്നത് ഒരു മാജിക്കാണ്. പലതും മനസിലായത് തിയേറ്ററില്‍ കാണുമ്പോഴാണെന്നും അദ്രി കൂട്ടിച്ചേര്‍ത്തു.