മമതയെ ഞാൻ വിശ്വസിക്കുന്നില്ല, അവർ ഇനിയും ബി.ജെ.പിയിൽ പോകാൻ സാധ്യത ഉണ്ട്: അധീർ രഞ്ജൻ ചൗധരി
India
മമതയെ ഞാൻ വിശ്വസിക്കുന്നില്ല, അവർ ഇനിയും ബി.ജെ.പിയിൽ പോകാൻ സാധ്യത ഉണ്ട്: അധീർ രഞ്ജൻ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 5:40 pm

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികം സീറ്റുകൾ ലഭിക്കുകയാണെങ്കിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എൻ.ഡി.എ സഖ്യത്തെ പിന്തുണക്കാൻ സാധ്യതയുണ്ടെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി.

തൃണമൂൽ കോൺഗ്രസ് ഇന്ത്യാ മുന്നണിയിൽ പങ്കാളിയല്ലെന്നും എന്നാൽ ഇന്ത്യാ മുന്നണിയെ പുറത്തു നിന്ന് പിന്തുണക്കും എന്നുമുള്ള മമത ബാനർജിയുടെ പരാമർശത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

താൻ മമതയെ വിശ്വസിക്കുന്നില്ലെന്നും പശ്ചിമ ബംഗാളിലെ സഖ്യം തകർത്തത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് അവരെ വിശ്വാസമില്ല. സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബി.ജെ.പിക്ക് അനുകൂലമായ ഫലങ്ങൾ വന്നാൽ അവർ ബി.ജെ.പിയിലേക്ക് പോകാനുള്ള സാധ്യത കൂടുതൽ ആണ്. സഖ്യം തകർത്തത് അവരാണെന്ന് എല്ലാവരും കണ്ടതാണ്,’ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് അദ്ദേഹം പറഞ്ഞു.

പുറത്തുനിന്നുള്ള പിന്തുണ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇന്ത്യ സഖ്യം വിജയിച്ച് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ തൃണമൂൽ സർക്കാർ രൂപീകരണത്തിൽ ചേരില്ല, എന്നാൽ അതിൻ്റെ സഖ്യകക്ഷിയായി തുടരുകയും ബില്ലുകളിൽ അതിന് വോട്ട് ചെയ്യുകയും ചെയ്യും എന്നതാണെന്ന് മമത ബാനർജി പറഞ്ഞു.

‘400 സീറ്റുകൾ നേടുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു, പക്ഷേ അത് നടക്കില്ലെന്ന് ആളുകൾ പറയുന്നു. ബി.ജെ.പി കള്ളൻമാരാൽ നിറഞ്ഞ പാർട്ടിയാണെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കി. സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കും. കേന്ദ്രത്തിൽ, പശ്ചിമ ബംഗാളിൽ കോൺഗ്രസും സി.പി.ഐ എമ്മും ബി.ജെ.പിക്കൊപ്പമാണ്,’ മമത പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഞങ്ങളുടെ അമ്മമാർക്കും സഹോദരിമാർക്കും ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഇന്ത്യ മുന്നണിക്ക് പിന്തുണ നൽകും. കൂടാതെ 100 ദിവസത്തെ തൊഴിൽ പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കും പ്രശ്‌നങ്ങൾ ഉണ്ടാകരുത് എന്നും മമത കൂട്ടിച്ചേർത്തു.

നിരവധി യോഗങ്ങൾ നടത്തിയിട്ടും സംസ്ഥാനത്ത് സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് ഒറ്റക്ക് മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനമെടുത്തത്.

 

Content Highlight: Adhir Ranjan Chowdhury reacted to Mamata Banerjee’s announcement of Trinamool’s ‘outside support’ to INDIA bloc