ആരാണ് അധിര്‍ രഞ്ജന്‍ ചൗധരി; മമത തരംഗത്തിലും കോണ്‍ഗ്രസിനെ തകരാതെ കാത്ത നേതാവ്
National Politics
ആരാണ് അധിര്‍ രഞ്ജന്‍ ചൗധരി; മമത തരംഗത്തിലും കോണ്‍ഗ്രസിനെ തകരാതെ കാത്ത നേതാവ്
ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 8:19 pm

പതിനേഴാം ലോക്സഭ സമ്മേളനം ആരംഭിച്ചതിന് ശേഷം ലോക്സഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രഞ്ജന്‍ ചൗധരിയെയാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

63കാരനായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ബംഗാളില്‍ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസുകാരില്‍ ഒരാള്‍. മുര്‍ഷിദാബാദ് ജില്ലയിലെ ബഹറാംപൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍ബ്ബ സര്‍ക്കാരിനെ 78000 വോട്ടുകള്‍ക്കാണ് ചൗധരി പരാജയപ്പെടുത്തിയത്. ബംഗാളില്‍ മികച്ച മുന്നേറ്റം നടത്തിയ ബിജെപിയെയും സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെയും നേരിട്ടു കൊണ്ടാണ് ചൗധരിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്.

മോദി തരംഗം രാജ്യത്തൊട്ടാകെ വീശിയടിച്ചപ്പോള്‍ ബഹറാംപൂരിലെ ചൗധരിയുടെ വിജയം കിഴക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. 2014ലും ചൗധരി വിജയം നേടിയിരുന്നു. തൃണമൂലിന്റെ സെലബ്രിറ്റി സ്ഥാനാര്‍ത്ഥി ഇന്ദ്രാണി സെന്നിനെയാണ് ചൗധരി പരാജയപ്പെടുത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും ബംഗാളില്‍ വലിയ തോതില്‍ വിജയം നേടുമ്പോഴും മുര്‍ഷിദാബാദ് മേഖലയില്‍ കോണ്‍ഗ്രസിന് വലിയ പോറലേല്‍ക്കാതെ കൊണ്ട്‌പോവാന്‍ ചൗധരിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബംഗാളില്‍ 43 സീറ്റ് നേടിയിരുന്നു. സി.പി.ഐഎമ്മിനോടൊപ്പം സഖ്യം സാധ്യമാക്കിയതും സി.പി.ഐ.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയതും ചൗധരി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോഴായിരുന്നു.