അധിക തീരുവ നവംബർ അവസാനത്തോടെ പിൻവലിക്കാൻ സാധ്യത; 25% തീരുവ യു.എസ് ഒഴിവാക്കിയേക്കാം: അനന്ത നാഗേശ്വരൻ
India
അധിക തീരുവ നവംബർ അവസാനത്തോടെ പിൻവലിക്കാൻ സാധ്യത; 25% തീരുവ യു.എസ് ഒഴിവാക്കിയേക്കാം: അനന്ത നാഗേശ്വരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2025, 7:23 pm

ന്യൂദൽഹി: ഇന്ത്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ നവംബർ അവസാനത്തോടെ പിൻവലിക്കാൻ സാധ്യതയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം തുടരുമെന്നുള്ള വിശ്വാസം തനിക്കുണ്ടെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിൽ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉയർന്ന താരിഫിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുവ 25 ൽ നിന്നും 15 ആവാനും സാധ്യതയുണ്ട്. വ്യക്തിപരമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഔദ്യോഗിക സൂചനകൾ ലഭിച്ചിട്ടില്ലെന്നും അനന്ത നാഗേശ്വരൻ വ്യക്തമാക്കി.

യു.എസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിൻചുമായി ഇന്ത്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന.

‘യു.എസ് ചുമത്തിയ 25 % അധിക തീരുവയിൽ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സമീപകാല സംഭവവികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ ഞാൻ അങ്ങനെ വിശ്വസിക്കുന്നു, നവംബർ 30 ന് ശേഷം പിഴ താരിഫ് ഉണ്ടാകില്ലെന്ന് വിശ്വസിക്കാം,’
വി. അനന്ത നാഗേശ്വരനെ ഉദ്ധരിച്ച് കൊണ്ട് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പത്ത് ആഴ്ചകൾക്കുള്ളിൽ വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് സി.ഇ.എ നാഗേശ്വരൻ പറഞ്ഞു. ‘രണ്ട് സർക്കാരുകൾക്കിടയിലും ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത പത്ത് ആഴ്ചകൾക്കുള്ളിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ തീരുവയ്ക്ക് ഒരു പരിഹാരം കാണാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം,’ അദ്ദേഹം പറഞ്ഞു.

റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് 25% അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനകം പ്രഖ്യാപിച്ച 25% പരസ്പര താരിഫുകൾക്ക് പുറമേ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയതോടെ ആകെ തീരുവ 50% ആയി. ഓഗസ്റ്റ് 27 മുതലാണ് അധിക തീരുവകൾ പ്രാബല്യത്തിൽ വന്നത്.

Content Highlight: Additional tariffs likely to be withdrawn by November end; US may waive 25% tariff: Anantha Nageswaran