ആയിരം കൂട്ടിയാല്‍ പോരാ; അപമാനിക്കുന്നതിന് തുല്യം; സമരം തുടരുമെന്ന് ആശമാര്‍
Kerala
ആയിരം കൂട്ടിയാല്‍ പോരാ; അപമാനിക്കുന്നതിന് തുല്യം; സമരം തുടരുമെന്ന് ആശമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2025, 6:45 pm

തിരുവനന്തപുരം: ഓണറേറിയം ആയിരം രൂപ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആശമാരുടെ പ്രതികരണം. ആയിരം രൂപ വളരെ ചെറുതാണെന്നും സമരം തുടരുമെന്നും ആശ സമരക്കാര്‍ പറഞ്ഞു. സമരത്തിന്റെ രൂപം നാളെ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ആശമാര്‍ അറിയിച്ചു.

‘ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ  വർധനവ്.’ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണ് ഈ നീക്കം’, ആശമാര്‍ ആരോപിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്ന് തെളിഞ്ഞെന്നും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, ബുധനാഴ്ച വൈകുന്നേരം മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവും സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധനവും ഉള്‍പ്പെടെയുള്ള വന്‍പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.എല്ലാ തീരുമാനങ്ങളും നവംബര്‍ ഒന്ന് മുതല്‍ പ്രബാല്യത്തില്‍ വരും.

പ്രധാന തീരുമാനങ്ങള്‍:

ആശമാരുടെ ഓണറേറിയം 1000 രൂപ കൂടി ഉയര്‍ത്തി. ഇതുവരെയുള്ള കുടിശികയും നല്‍കും.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി 1600 രൂപയില്‍ നിന്നും 200 രൂപയാക്കി.

സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കാനുള്ള പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്ക് അനുവദിക്കും.

യുവാക്കള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രതിവര്‍ഷ വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഒരു ഗഡു ഡി.എ കുടിശിക നാല് ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ അനുവദിക്കണം.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം 100 രൂപ കൂടി വര്‍ധിപ്പിക്കും. 65,240 പേര്‍ക്കാണിത് പ്രയോജനപ്പെടുക.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കുകയും കുടിശിക നല്‍കുകയും ചെയ്യും. ഗസ്റ്റ് ലക്ചര്‍മാാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും.

റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്നും 200 ആക്കി ഉയര്‍ത്തും.

നെല്ലിന്റെ സംഭരണ വില 28.20ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കും.

Content Highlight: Adding a thousand is not enough; ASHAs say they will continue the strike