അദാനി ഏറ്റെടുത്തതിന് പിന്നാലെ എന്‍.ഡി.ടി.വി വരുമാനം കുറഞ്ഞു; ലാഭത്തില്‍ വന്‍ ഇടിവ്
India
അദാനി ഏറ്റെടുത്തതിന് പിന്നാലെ എന്‍.ഡി.ടി.വി വരുമാനം കുറഞ്ഞു; ലാഭത്തില്‍ വന്‍ ഇടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2023, 12:23 pm

ബെംഗളൂരു: അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള എന്‍.ഡി.ടി.വിയുടെ മൂന്ന് മാസത്തെ ലാഭത്തില്‍ 97.6 ശതമാനം ഇടിവ്. പരസ്യം ലഭിക്കുന്നതില്‍ ഉണ്ടായ കുറവ് മൂലമാണ് ഇടിവ് സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 30ന് അവസാനിച്ച പാദത്തില്‍ 5.9 മില്യണ്‍ ഏകീകൃത അറ്റാദായമാണ് ലഭിച്ചതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമിത് 241.6 മില്യണ്‍ ആയിരുന്നു. പരസ്യത്തില്‍ നിന്നുളള വരുമാനം കുറഞ്ഞതോടെ കമ്പനിയുടെ വരുമാനം 3.35 ശതമാനം ഇടിഞ്ഞ് 5.9 മില്യണ്‍ ആയി. ഉത്പാദന സേവന ചെലവുകള്‍ മൂലം ആകെ ചെലവ് 5.9 ശതമാനമായി ഉയര്‍ന്നു.

ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്ക് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ പരസ്യങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ലോകമെമ്പാടുമുളള വ്യവസായികള്‍ ശ്രമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതതയിലുളള കമ്പനികളുടെ ഓഹരിയില്‍ ഇടിവ് സംഭവിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ എന്‍.ഡി.ടി.വിയുടെ ഓഹരിയില്‍ 33 ശതമാനം ഇടിവുണ്ടായിരുന്നു. നിഫ്റ്റി മീഡിയ ഇന്‍ഡെക്ഷിലും 9.69 ശതമാനം ഇടിവുണ്ടായി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ (വിശ്വപ്രദാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ വാങ്ങിയത്.

അദാനി ഏറ്റെടുത്തതിന് പിന്നാലെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രതീഷ് കുമാര്‍ ഉള്‍പ്പെടെ നിരവധി മാധ്യമപ്രവ്രര്‍ത്തകര്‍ എന്‍.ഡി.ടി.വിയില്‍ നിന്നും രാജി വെച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയായിരുന്നു എന്‍.ഡി.ടി.വിയുടെ ലാഭം. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. എന്‍.ഡി.ടി.വി 24*7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്.

Content Highlight: Adani-owned NDTV profit plunges about 98% on weak advertising demand